fridge

സോഷ്യൽ മീഡിയയിലൂടെയും മറ്റും വരുന്ന ട്രെൻഡുകൾ ഫോളോ ചെയ്യുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ 'ഫ്രിഡ്ജ്സ്‌കേപ്പിംഗ്' എന്ന പുതിയ ട്രെൻഡ് ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരേ സമയം ആകർഷണീയവും വിമർശനവും ഈ ട്രെൻഡിന് നേരെ ഉയരുന്നുണ്ട്.

എന്താണ് 'ഫ്രിഡ്ജ്സ്‌കേപ്പിംഗ്'


പൂക്കളും പുരാവസ്തുക്കളും ലൈറ്റുകളും മറ്റ് പല സാധനങ്ങളും ഉപയോഗിച്ച് നമ്മൾ സ്വീകരണ മുറിയൊക്കെ അലങ്കരിക്കാറില്ലേ. അതേ രീതിയിൽ ഫ്രിഡ്ജിനെ അലങ്കരിക്കുന്ന പരിപാടിയാണ് ഫ്രിഡ്‌ജ്‌സ്‌കേപ്പിംഗ്.

പൂക്കളും, പുരാവസ്തുക്കളുമൊക്കെ ഉപയോഗിച്ച് ഫ്രിഡ്‌ജ് ഡെക്കറേറ്റ് ചെയ്യുന്നു. ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ ഈ അലങ്കാര പണികളിലേക്ക് ആളുകളുടെ കണ്ണ് പോകും. ഇത് വിചിത്രവും വളരെ ക്രിയാത്മകവുമായ കാര്യമാണെന്ന് ഒരു വിഭാഗം പറയുമ്പോൾ ചിലർ ഇത് വളരെ ഓവറാണെന്നും പറഞ്ഞുകൊണ്ടാണ് രംഗത്തെത്തിയത്.


ഫ്രിഡ്ജ്സ്‌കേപ്പിംഗ് വന്നതെങ്ങനെ?

ഹോം ടൂർ പോലെ തന്നെ ചിലർ ഫ്രിഡ്ജ് ടൂറും നടത്താറുണ്ട്. ഫ്രിഡ്ജിൽ സാധനങ്ങൾ മനോഹരമായി അടുക്കിവച്ചിരിക്കുന്നതിന്റെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഈ ട്രെൻഡ് വന്നതെങ്കിലും ടിക്‌ടോക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ജനപ്രിയമാകുന്നതിന് മുമ്പ് തന്നെ ഫ്രിഡ്ജ്സ്‌കേപ്പിംഗ് എന്ന പദമുണ്ടായിട്ടുണ്ട്.

കാലിഫോർണിയയിലെ ഡിസൈൻ കൺസൾട്ടന്റായ കാത്തി പെർഡ്യൂ 2011ൽ ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഭക്ഷണ സാധനങ്ങൾ കൂടുതൽ സൗന്ദര്യാത്മകമായി ക്രമീകരിക്കുന്നതിനെക്കുറിച്ച് പറയുന്ന പോസ്റ്റായിരുന്നു ഇത്.

View this post on Instagram

A post shared by ELLE DECOR (@elledecor)


'എന്തുകൊണ്ടാണ് നിങ്ങളുടെ ഭക്ഷണ സാധനങ്ങൾ മനോഹരമായ പാത്രങ്ങളിൽ വയ്ക്കാത്തത്, നിങ്ങൾ ഫ്രിഡ്ജ് തുറക്കുമ്പോൾ ഒരു മനോഹാരിത തോന്നണ്ടേ!'- എന്നാണ് പെർഡ്യൂ കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന 'ഫ്രിഡ്ജ് റീസ്റ്റോക്കിംഗ്' വീഡിയോകൾക്ക് സമാനമായ ആശയം തന്നെയാണിത്.


എന്നിരുന്നാലും, ഇൻഫ്ലുവൻസർമാരും ലൈഫ് സ്റ്റൈൽ വ്‌ളോഗ് ചെയ്യുന്നവരുമൊക്കെയാണ് ഈ വാക്ക് ഇത്രയും പോപ്പുലറാക്കിയത്. ഫ്രിഡ്ജ്സ്‌കേപ്പ് വീഡിയോകൾ ധാരാളമായി ചെയ്യുന്നയാളാണ് ന്യൂയോർക്കിലെ 37കാരിയായ ലൈഫ്‌ സ്റ്റൈൽ ബ്ലോഗർ ലിൻസി ജൂഡിഷ്. ഫ്രിഡ്ജ് എങ്ങനെ അലങ്കരിക്കാമെന്നാണ് അവർ തന്റെ വീഡിയോയിലൂടെ കാണിച്ചുതരുന്നത്. പ്രതിമകളും ഫ്രഷ് പൂക്കളുമെല്ലാം കൊണ്ടാണ് അലങ്കരിച്ചത്. പഴങ്ങളും പാത്രങ്ങളുമെല്ലാം അലങ്കാര പാത്രങ്ങളിൽ സൂക്ഷിക്കുന്നു.

View this post on Instagram

A post shared by Lynzi Judish (@lynziliving)


ടിക് ടോക്കിൽ കണ്ട വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജൂഡിഷ് ഫ്രിഡ്ജ് സ്‌കേപ്പിംഗ് ആദ്യമായി പരീക്ഷിച്ചത്. ഇപ്പോൾ, ഇത് യുവതിക്ക് സംതൃപ്തി നൽകുന്ന ഒരു ഹോബിയാണ്.


വിവാദം എന്തിന്?

ഫ്രിഡ്ജ്സ്‌കേപ്പിംഗ് എന്നാൽ അനാവശ്യമായ ഒരു കാര്യമാണെന്നാണ് വിവമർശകർ പറയുന്നത്. ഈ പ്രവണതയ്‌ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ല. മാത്രമല്ല പൂക്കളും മറ്റും വയ്ക്കുന്നത് ഫ്രിഡ്ജിനുള്ളിൽ അണുക്കളും മറ്റും വരാൻ കാരണമാകുമെന്നാണ് ചിലർ പറയുന്നത്.

ഇത് അപ്രായോഗികമാണെന്നതാണ് മറ്റൊരു വിഷയം. പലപ്പോഴും ഭക്ഷണ സാധനങ്ങൾ വയ്ക്കാൻ തന്നെ സ്ഥലമില്ലാത്ത അവസ്ഥയാണ്, ഇതിനിടയിൽ എങ്ങനെയാണ് പൂക്കൾ വയ്ക്കുന്നതെന്നാണ് ഒരുകൂട്ടമാളുകൾ ചോദിക്കുന്നത്.


പുതിയ ട്രെൻഡ് ആരോഗ്യത്തെ ബാധിക്കുമോ?

ഫ്രിഡ്ജ്സ്‌കേപ്പിംഗ് ചിലരുടെ ജീവിതശൈലിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ട്രെൻഡ് ആരോഗ്യത്തെ ബാധിക്കുമോയെന്ന ചോദ്യത്തിനും ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ഫ്രിഡ്ജ്സ്‌കേപ്പിംഗ് ഹോബി തന്റെ കയ്യിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കി. ഭക്ഷണങ്ങൾ പഴയതിലും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങിയെന്നാണ് ഈ രീതി പിന്തുടരുന്ന ഒരാൾ പറയുന്നത്. എന്നാൽ ഇതിനെ വിമർശിക്കുന്നവരുമുണ്ട്. 'എനിക്ക് ഒരിക്കലും ഇത് ആരോഗ്യകരമായി തോന്നിയിട്ടില്ല, പാർശ്വഫലങ്ങൾക്ക് കാരണമായേക്കും എന്നാണ് വിമർശകർ പറയുന്നത്.