jayam-ravi

തമിഴ്‌ നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരായി. 15വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. തന്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം നടൻ അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മിൽ അകന്ന് കഴിയുകയായിരുന്നു.

'ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ആരതിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇത് പെട്ടെന്നുണ്ടായത് അല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്.

ഈ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണം. എന്റെ മുൻഗണന എല്ലായ്‌പ്പോഴും ഒരു കാര്യത്തിൽ മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സന്തോഷം നൽകുക. അത് തുടരും. ഞാൻ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും',- ജയം രവി കുറിച്ചു.

2009ലാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ജയം രവിയും ആരതിയും പിരിയുന്നുവെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ മുൻപ് വന്നിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി ആരും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.