
ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനത്തിന്റെ സൃഷ്ടിക്കുവേണ്ടി ശ്രീ നാരായണ ഗുരുദേവൻ 1888- ൽ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠ കേരള നവോത്ഥാന പ്രക്രിയയിൽ ചെലുത്തിയ സ്വാധീനം അപാരമാണ്. അന്നും ഇന്നും ലോകചരിത്രം മുൻവിധിയില്ലാതെ പഠിക്കുന്ന ഒരു വ്യക്തിക്ക് മനസിലാക്കുവാൻ സാധിക്കുന്നത്, ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ കുരുതി കൊടുക്കുന്നതിന്റെ ചരിത്രമാണ്. ശാസ്ത്രം ഇത്ര പുരോഗമിച്ചുവെന്ന് നാം ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാനപരമായി മനുഷ്യനിൽ അന്തർലീനമായ അടിമ മനോഭാവം മാറ്റാൻ ഉതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കുവാൻ ആധുനിക വിദ്യാഭ്യാസ വിചക്ഷണന്മാർക്കും സാധിക്കുന്നില്ല.
പണം സമ്പാദിക്കാനുതകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇന്ന് നിലനിൽക്കുന്നത്. മനുഷ്യനിലെ മാനസിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരു മനുഷ്യരാശിയെ എന്നാണ് നമുക്ക് സൃഷ്ടിക്കുവാൻ സാധിക്കുക? എന്തുകൊണ്ട് ഭൗതികവാദികൾ മറുവശം ചിന്തിക്കുന്നില്ല? അതിന്റെ അനുരണനങ്ങളല്ലേ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്? പല രാജ്യങ്ങളിലെ ജനങ്ങളും മതം വേണ്ടെന്ന മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കാരണം, മതത്തിന്റെ കാതലായ അംശത്തെ മറച്ചു വച്ചുകൊണ്ട് സ്വാർത്ഥമതികൾ അതിനെ ദുരുപയോഗപ്പെടുത്തുന്നു!
ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ്, ആത്മീയ മൂല്യങ്ങൾക്കും ഭൗതിക ജീവിതത്തിനും ഒരേപോലെ പ്രാധാന്യം നൽകിക്കൊണ്ട് ശ്രീ നാരായണ ഗുരുദേവൻ ഒരുദർശനം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ആ ദർശനത്തെ വേണ്ട രീതിയിൽ ഉൾക്കൊണ്ട് സമൂഹത്തിലേക്കു സന്നിവേശിപ്പിക്കുവാൻ സ്വാർത്ഥത നമ്മെ തടയുന്നു. അറിവില്ലായ്മയാണ് സ്വാർത്ഥതയുടെ മൂലകാരണം. സോദരത്വേന മാതൃകാസ്ഥാനം സൃഷ്ടിക്കുവാൻ സ്വാർത്ഥതയ്ക്ക് സാധിക്കില്ലെന്ന ലളിത തത്വം ഗുരു എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിക്കുന്നത്!
ക്രൂരമായ ചിന്തകളെ മാറ്റി, സദ്ചിന്തകളെ ഹൃദയത്തിൽ നിറയ്ക്കുവാൻ ഗുരുവിന്റെ ദർശനത്തിന് ശാസ്ത്രീയ മാനങ്ങളുണ്ട്. ആധുനിക സയൻസുമായി താരതമ്യം ചെയ്ത് പഠിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാക്കും. ഇന്ന് ലോകത്തിന് ആവശ്യം ഈ നൂതന ചിന്താ പദ്ധതിയാണ്. നൂതനങ്ങളായ ചിന്തകളെ ദീപ്തമാക്കുവാനുള്ള ഒരു പുണ്യ സങ്കേതമാണ് ഗുരുവിന്റെ തപസുകൊണ്ട് പരിപൂതമാക്കപ്പെട്ട അരുവിപ്പുറം മഠം. ഇവിടെ ഈ രീതിയിലുള്ള ഒത്തുകൂടലിന് ഭൗതിക സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ!
ഭക്തർക്കും ചരിത്രകുതുകികൾക്കും സാധകന്മാർക്കും ഒത്തുകൂടുവാൻ ഗുരുദേവഭക്തരുടെ സാമ്പത്തിക സഹായം കൊണ്ട് 'ഭക്തനികുഞ്ജം" എന്ന പേരിൽ ഒരു അതിഥിമന്ദിരവും പ്രാർത്ഥനാ നാളും ഇന്നു രാവിലെ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സമർപ്പിക്കുകയാണ്. ഈ പുണ്യ മുഹൂർത്തത്തിൽ ജനപ്രതിനിധികളും സന്യാസി ശ്രേഷ്ഠരും ഭക്തരും നാട്ടുകാരും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കുന്നു. 'ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന" സൃഷ്ടിക്ക് അറിവിന്റെ കേദാരമായ അരുവിപ്പുറം തപോഭൂമിയിലേക്ക് ഏവർക്കും സ്വാഗതം