
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും ഏറ്റുമുട്ടുന്ന ആദ്യ സംവാദത്തിനൊരുങ്ങി യു.എസ്. ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് (ഈസ്റ്റേൺ സമയം ചൊവ്വാഴ്ച രാത്രി 9) ആരംഭിക്കുന്ന ലൈവ് ടെലിവിഷൻ സംവാദം 90 മിനിറ്റ് നീളും. പെൻസിൽവേനിയയിലെ ഫിലാഡെൽഫിയയിലുള്ള എൻ.സി.സി സെന്ററാണ് എ.ബി.സി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിന്റെ വേദി. എ.ബി.സി ന്യൂസ് ലൈവ്, ഡിസ്നി പ്ലസ്, ഹുലു പ്ലാറ്റ്ഫോമുകളിലും സംവാദം സ്ട്രീം ചെയ്യും.
റിപ്പബ്ലിക്കൻമാരോട് ശത്രുത കാട്ടുന്ന എ.ബി.സിയുടെ സംവാദത്തിൽ താൻ പങ്കെടുക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, സംവാദ വ്യവസ്ഥകളിൽ ഉറപ്പ് ലഭിച്ചതോടെ നിലപാട് മാറ്റി. സ്ഥാനാർത്ഥി സംസാരിക്കാത്തപ്പോൾ മൈക്ക് ഓഫ് ചെയ്തിരിക്കും, സ്ഥാനാർത്ഥി കുറിപ്പുകൾ കൈവശം വയ്ക്കരുത്, മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ല, കാണികൾ ഉണ്ടാകില്ല തുടങ്ങി പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർത്ഥിയായിരിക്കെ നിശ്ചയിച്ച നിബന്ധനകൾ പാലിക്കും.
സംവാദത്തിലുടനീളം മൈക്ക് ഓൺ ആക്കി വയ്ക്കണമെന്ന കമലയുടെ ആവശ്യം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ജൂണിൽ നടന്ന സംവാദത്തിൽ ട്രംപിന് മുന്നിൽ അടിപതറിയതോടെയാണ് ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. പിന്നാലെ വൈസ് പ്രസിഡന്റ് കമല സ്ഥാനാർത്ഥിയായി. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.
ഹിന്ദി പാട്ടുമായി കമല
ദക്ഷിണേഷ്യൻ വംശജരുടെ വോട്ട് നേടാൻ 'നാച്ചോ നാച്ചോ' എന്ന ഹിന്ദി പ്രചാരണ ഗാനം പുറത്തിറക്കി കമലയുടെ ടീം. നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായ അജയ് ഭൂട്ടോറിയയാണ് ഗാനം പുറത്തിറക്കിയത്. അതേ സമയം, പുതുതായി രൂപീകരിച്ച ഹിന്ദൂസ് ഫോർ അമേരിക്ക ഫസ്റ്റ് സംഘടന ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപിന്റേത് ഇന്ത്യൻ അനുകൂല നിലപാടുകളാണെന്നും കമല ഇന്ത്യ-യു.എസ് ബന്ധം അസ്ഥിരപ്പെടുത്തുമെന്നും ഇവർ പറയുന്നു.