
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പിന്നാലെ നഗരസഭയുടെ പബ്ളിക് കംഫർട്ട് സ്റ്റേഷനും അടച്ചുപൂട്ടി നഗരസഭ. വൈദ്യുതി കൂടിശികയെത്തുടർന്ന് കംഫർട്ട് സ്റ്റേഷനിലെ വൈദ്യുതിയും കട്ടാക്കി.
പാലസ് റോഡിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരത്തെക്കുറിച്ചും കേരളകൗമുദി വാർത്ത നൽകിരുന്നു. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രെയിനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നുപോകുന്ന ഓടയിൽ അടവ് കണ്ടെത്തിയിരുന്നു. നഗരസഭ ജീവനക്കാർ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ശ്രമങ്ങൾ പരാജയപ്പെടുന്നു
റോഡിന് കുറുകെയുള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കിയാലേ പ്രശ്‌നം പരിഹരിക്കാനാകൂവെന്നും ചൂണ്ടിക്കാട്ടി ജൂണിൽ നഗരസഭ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർക്ക് കത്തു നൽകിയിരുന്നു.ആധുനിക രീതിയിലുള്ള ഉപകരണങ്ങൾ എത്തിച്ച് ഓടയിലെ അടവ് പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കാൽനടയാത്രയും സമീപത്തെ വ്യാപാരികളുടെ കച്ചവടവും ദുരിതത്തിലായി.
ഫണ്ട് അനുവദിച്ചു
ഓട പുനർനിർമ്മിച്ച് പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചതിനാൽ ഒ.എസ്.അംബിക എം.എൽ.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയിൽ നിന്നും അടിയന്തരമായി ഫണ്ട് അനുവദിച്ചു. എന്നാൽ പി.ഡബ്ല്യു.ഡി പണി വൈകിപ്പിക്കുന്നതിനാലാണ് പ്രശ്‌നത്തിന് പരിഹാരം കാണാത്തതെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയറെ ഉപരോധിച്ചു.
കംഫർട്ട് സ്റ്റേഷൻ പൂട്ടി
കംഫർട്ട് സ്റ്റേഷനിലെ മലിനജലവും ഓടയിൽ ഒഴുക്കി വിടുന്നതായി ആരോപിച്ച് സമീപ വ്യാപാരികളും രംഗത്തെത്തി. അതോടെ ഓടയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ കംഫർട്ട് സ്റ്റേഷൻ നഗരസഭ പൂട്ടി. ഇന്നത്തെ സാഹചര്യത്തിൽ മാസങ്ങൾ കഴിഞ്ഞാലേ റോഡ് മുറിച്ച് ഓടനിർമ്മിച്ച് ടാർ ചെയ്ത് സാധാരണ നിലയിലെത്തൂ. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകളാണ് നിത്യവും സ്റ്റാൻഡിൽ എത്തുന്നത്. ശങ്കയകറ്റാൻ ഇ-ടോയ്ലെറ്റുകളെങ്കിലും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.