
രാജ്ഭവന് നേരെ കല്ലേറ്
20 പേർക്ക് പരുക്ക്
ഇംഫാൽ : മണിപ്പൂരിൽ നിന്ന് സായുധസേനയെ പിൻവലിക്കണമെന്നും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സെക്രട്ടേറിയറ്റിലും രാജ്ഭവനു മുന്നിലുമാണ് ആയിരക്കണക്കിനു പേർ പ്രതിഷേധിച്ചത്. രാജ് ഭവന് നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ 20 പേർക്ക് പരുക്കേറ്റു. സി.ആർ.പി.എഫ് വാഹനവും ആക്രമിച്ചു. നേരത്തെ, മുഖ്യമന്ത്രി എൻ.ബീരേൻ സിംഗ്, ഗവർണർ എൽ.ആചാര്യ എന്നിവരുമായി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. ഡി.ജി.പി, സർക്കാർ ഉപദേഷ്ടാവ് എന്നിവരെ പുറത്താക്കുക, സി.ആർ.പി.എഫ് മേധാവി കുൽദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള യൂണിഫൈഡ് കമാൻഡിന്റെ പ്രവർത്തനം സംസ്ഥാനത്തിന് കൈമാറുക തുടങ്ങി 6 ആവശ്യങ്ങൾ ഗവർണറുമായുള്ള ചർച്ചയിൽ മുന്നോട്ട് വച്ചതായി വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.
ഒരാഴ്ച, 8 മരണം
മണിപ്പൂരിൽ ഒരാഴ്ചയ്ക്കിടെ 8 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു
കാങ്പോക്പിയിൽ ബോംബ് ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതാണ് ഒടുവിലത്തേത്
ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയും ജിരിബാമിലും വീണ്ടും ആക്രമണമുണ്ടായി
ജിരിബാമിൽ കുക്കികൾ ഉപേക്ഷിച്ച ഗ്രാമത്തിന് മെയ്‌തി വിഭാഗം തീയിട്ടു.
വംശീയ കലാപം അവസാനിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടു. മോദി ഇനിയും എത്താത്തതിൽ മണിപ്പൂരിലെ ജനങ്ങൾ നിരാശരാണ്
മല്ലികാർജുൻ ഖാർഗെ,
കോൺഗ്രസ് അദ്ധ്യക്ഷൻ