
ചണ്ഡിഗർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രതിഷേധിച്ച് ഹരിയാന ബി.ജെ.പിയിൽ നോതാക്കളുടെ രാജിപരമ്പര. സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റ് ജി.എൽ. ശർമ 250 പാർട്ടി ഭാരവാഹികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നു. ഹരിയാന ക്ഷീരവികസന കോർപ്പറേഷൻ ചെയർമാനായിരുന്നു ശർമ.
മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകൻ ആദിത്യ ദേവിലാൽ പാർട്ടി വിട്ട് ലോക്ദളിൽ ചേർന്നു. ദേവിലാൽ കുടുംബത്തിൽ നിന്ന് ഒരാഴ്ചക്കിടെ ബി.ജെ.പി വിടുന്ന രണ്ടാമത്തെ ആളാണ് ആദിത്യ. ദേവിലാലിന്റെ മകനും സംസ്ഥാന മന്ത്രിയുമായ രഞ്ജിത്ത് ചൗട്ടാലയാണ് ആദ്യം പാർട്ടി വിട്ടത്. മറ്റൊരു നേതാവായ ബച്ചൻ സിംഗ് ആര്യയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കൂടുതൽ നേതാക്കൾ ഇനിയും പോകുമെന്നാണ് സൂചന.