sivagiri

ശ്രീനാരായണ ഭക്തരുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗുരുദേവ ദർശനം സഫലീകരിക്കുവാൻ ഗുരുഭക്തർ സ്വയം മുന്നോട്ടു വന്ന് സംഘടിപ്പിച്ചു ശക്തരാകണം. ലോമെമ്പാടുമായി ചിന്നിച്ചിതറിക്കിടക്കുന്ന ഗുരുദേവ ഭക്തരുടെ കൂട്ടായ്മയ്ക്കായി ശിവഗിരി മഠത്തിൽ ഒരു പ്രവാസി സംഗമം ഈ മാസം 16, 17 തീയതികളിലായി സംഘടിപ്പിക്കുകയാണ്. ശിവഗിരി മഠത്തെ സംബന്ധിച്ച് ഇത്തരമൊരു സംഗമം ആദ്യമാണ്. മറ്റു ശ്രീനാരായണീയ പ്രസ്ഥാനങ്ങളും ഇങ്ങനെയൊരു പ്രവാസി സംഗമം സംഘടിപ്പിച്ചതായി ചരിത്രമില്ല. ശ്രീനാരായണ പ്രസ്ഥാന ചരിത്രം ആദ്യമായി ദർശിക്കുന്ന ഈ സംഗമം,​ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു കൂടി പറയാം.

സങ്കുചിത ഭേദചിന്തകളകളാൽ തങ്ങളിലേക്കൊതുങ്ങി,​ സ്വാർത്ഥതയാൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനു പരിഹാരമായി കാണാനാവുന്നത് ഗുരുദേവന്റെ ഏകത്വ ദർശനമാണ്. സർവരേയും ഐക്യത്തിലേക്കു നയിക്കുന്ന ശ്രീനാരായണ തത്വദർശനത്തിന്റെ സഫലീകരണത്തിനുള്ള ഉപാധിയെന്ന നിലയിലാണ് പ്രവാസി സംഗമം ചേരുന്നത്. ലോകശാന്തിക്കായി ശ്രീനാരായണീയ സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടത് അവരുടെ കർത്തവ്യമാണ്.

ശ്രീനാരായണീയരുടെ ഏറ്റവും വലിയ സവിശേഷത,​ അവരിലൊരു പത്തുപേർ ലോകത്തെവിടെ ജീവിച്ചാലും ഗുരുദേവന്റെ തിരുനാമധേയത്തിൽ ഒരു ശ്രീനാരായണീയ സംഘടന സ്ഥാപിക്കുമെന്നതാണ്. ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലായി രൂപംകൊണ്ടിട്ടുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ആവിർഭാവം ഇങ്ങനെയാണ്. ചെറുതും വലുതുമായ അസംഖ്യം ഗുരുദേവ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥാപിതമായിട്ടുണ്ട്. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്.

കാലാതീതമായ

നവ ദർശനം

ഏത് പരിഷ്‌കൃത ജനതയ്ക്കു മുന്നിലും ഗുരുദേവ ഭക്തർക്ക് അഭിമാനബോധത്തോടെ നിൽക്കുവാൻ കരുത്തു പകരുന്നതാണ് ഗുരുദർശനം. ഈ ആധുനിക ലോകത്തിന് എത്രയും സ്വീകാര്യമായ നവീന ദർശനമാണ് അത്. ഈ നൂറ്റാണ്ടിനു മാത്രമല്ല,​ വരാനിരിക്കുന്ന നൂറ്റാണ്ടുകൾക്കും സ്വീകാര്യമാകുവാൻ പര്യാപ്തമാണ് ഗുരുദേവ ദർശനം. ഇത് ശാസ്ത്രത്തിന്റെ യുഗമാണ്. ഗുരുദേവ കൃതികളും ഗുരുവിന്റെ ജീവിതവും പഠിക്കുമ്പോൾ 'ശ്രീനാരായണഗുരു; ശാസ്ത്രയുഗത്തിന്റെ ഋഷിവര്യൻ" എന്ന് മനീഷികൾ പോലും വിലയിരുത്തും. ആധുനികനായ ശാസ്ത്രകാരനു കൂടി സ്വീകാര്യമായ ശാസ്ത്ര സത്യങ്ങൾ ഗുരുദേവ കൃതികളിൽ പഠിതാക്കൾക്ക് കണ്ടെത്താനാവും.

മാനവരൊക്കെയും ഒന്ന്; അതാണ് നമ്മുടെ മതം,​ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്,​ മതമേതായാലും മനുഷ്യൻ നന്നായാൽ മതി,​ നീ സത്യം ജ്ഞാനം ആനന്ദം.... തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വിശ്വദർശനമാണ് ഗുരുവിന്റേത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞു: 'ശ്രീനാരായണ ഗുരുവിനെ ഒന്നു കാണുവാൻ സാധിച്ചതാണ് എന്റെ ജീവിതത്തിന്റെ പരമഭാഗ്യം!" നോബൽ സമ്മാന ജേതാവും വിശ്വ മഹാകവിയുമായ രവീന്ദ്രനാഥ ടാഗോർ ഗുരുവിനെക്കുറിച്ചു പറഞ്ഞത്,​ 'പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിൽ ലോകം ദർശിച്ച ഏറ്റവും മഹാനായ ഗുരുവര്യൻ" എന്നാണ്. ആ മഹാഗുരുവിന്റെ ഏകത്വ ദർശനം നെഞ്ചിലേറ്റിയാണ് പ്രവർത്തിക്കുന്നതെന്ന് ഗുരുഭക്തർക്ക് അഭിമാനപൂർവം പറയാനാകും.

സംഗമത്തിന്

വിപുല ലക്ഷ്യം

വിവേകാനന്ദൻ ജാതിഭ്രാന്താലയമായി കണ്ട രാജ്യത്തിന്റെ ഭ്രാന്ത് ഇനിയും ബാക്കിനിൽപ്പുണ്ട് എന്നതാണ് സത്യം. ഗുരുദേവനെ പൂർണമായും ഉൾക്കൊണ്ടിട്ടില്ലെങ്കിലും ഗുരുവിനെ ഹൃദയത്തിനുള്ളിൽ വച്ചുകൊണ്ട് കഴിയുന്ന മലയാളികൾ ലോകത്തെവിടെയും അധിവസിക്കുന്നുണ്ട്. അവർക്ക് ഗുരുദർശനം ശരിയായി പകർന്നു നൽകണം. അവരിലൂടെ ഗുരുദേവ ദർശനം എവിടെയും പ്രചരിക്കണം. അതിന് വേദിയൊരുക്കുകയാണ് പ്രവാസി സംഗമം. ജാതി,​ മത,​ ഭേദചിന്തകളൊന്നുമില്ലാതെ ഗുരുധർമ്മ പ്രചരണത്തിനായുള്ള ഏവരുടെയും ഒത്തുചേരൽ. പല കാരണങ്ങളാൽ ഈ വർഷം തികച്ചും ലാളിത്യമിയന്ന രൂപത്തിലാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ വേണ്ട ഒരുക്കങ്ങളോടെ കുറേക്കൂടി മികവും മിഴിവുമാർന്ന രീതിയിൽ പ്രവാസി സംഗമം സംഘടിപ്പിക്കുവാനാണ് ശിവഗിരി മഠം ആഗ്രഹിക്കുന്നത്.

ഗുരു ദേവദർശനം കടന്നുചെല്ലാത്ത മേഖലകളിലെല്ലാം പ്രചാരണം,​ ഗുരുദേവന്റെ ജീവചരിത്രവും പഠനഗ്രന്ഥങ്ങളും ഗുരുദേവ കൃതികളും വിദേശഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, ലോകമെമ്പാടുമുള്ള ഗുരുഭക്തർ പരസ്പരം പരിചയപ്പെടുകയും ആത്മബന്ധം ഊട്ടിയുറപ്പിച്ച് പരസ്പരം സഹകരിക്കുകയും ചെയ്യുക. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക. ശിവഗിരി മഠവുമായി ബന്ധമില്ലാതെ കഴിയുന്ന ജനവിഭാഗത്തെ ശിവഗിരിയുമായി ബന്ധപ്പെടുത്തുകയും മഠത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുക,​ ശിവഗിരി തീർത്ഥാടനം, ജയന്തി, മഹാസമാധി ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ ശിവഗിരിയിലെത്തുന്ന ജനലക്ഷങ്ങൾക്ക് താമസ സൗകര്യങ്ങളും അതിഥി വിശ്രമ മന്ദിരങ്ങളും വിപുലമായി നിർമ്മിക്കുക തുടങ്ങിയവയൊക്കെ ഈ പ്രവാസി സംഗമത്തിന്റെ ലക്ഷ്യങ്ങളാണ്.

ഏക ലോക

ദർശനം

ശിവഗിരി ആശ്രമത്തിന്റെ അഫിലിയേഷൻ സെന്റർ ഇപ്പോൾ 'ശിവഗിരി ആശ്രമം ഒഫ് യു.കെ" എന്ന പേരിൽ സ്ഥാപിതമായിട്ടുണ്ട്. അതുപോലെ അഫിലിയേഷൻ സെന്ററുകൾ മറ്റു രാജ്യങ്ങളിലും സ്ഥാപിക്കുക,​ഐക്യരാഷ്ട്രസഭ ആരംഭിക്കുന്നതിനും മുമ്പ് 'ഏകലോക ഗവൺമെന്റ്" വിഭാവനം ചെയ്ത ഗുരുദേവന്റെ ഏകലോക ദർശനത്തിന്റെ ശബ്ദം ഐക്യരാഷ്ട്ര സഭയിൽ മുഴങ്ങുവാൻ വേണ്ടതെല്ലാം ചെയ്യുക തുടങ്ങിയവയും ഈ സംഗമം വിഭാവനം ചെയ്യുന്നു.

ആലുവ സർവമത സമ്മേളന ശതാബ്ദി പ്രമാണിച്ച് 'മത പാർലമെന്റ്"സംഗമത്തിലെ മറ്റൊരു പ്രധാന പരിപാടിയാണ്. ഗുരുദേവൻ അന്ന് ആലുവയിൽ സംഘടിപ്പിച്ച മതദർശനങ്ങളുടെ തുടർച്ചയെന്നോണം വിവിധ മത സമ്പ്രദായ തത്വങ്ങളുടെ പ്രതിനിധികൾ ഈ മതസമ്മേളനത്തിൽ പങ്കെടുക്കും. 16-ന് ഉദ്ഘാടന സമ്മേളനവും ശ്രീനാരായണ സിംപോസിയവും കഴിഞ്ഞാൽ രാത്രി ആഗോള പ്രവാസി മീറ്റ്, ഒരു വട്ടമേശ സമ്മേളനമായി നടക്കും. ഭാവിയിൽ ആഗോളതലത്തിൽ ഗുരുദേവ സന്ദേശ പ്രചാരണ പ്രവർത്തനങ്ങളുടെ മാർഗരേഖ ഇതിൽ അവതരിപ്പിച്ച് ചർച്ച ചെയ്യും. പ്രവാസികൾക്കു മാത്രമല്ല,​ പ്രവാസ ജീവിതം നയിച്ച ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമിക്കുന്നവർക്കും ഈ പ്രവാസി മീറ്റിൽ പങ്കെടുക്കാം. ഇവർക്കായി പ്രത്യേക രജിസ്‌ട്രേഷനുണ്ടാകും.

സംഗമത്തിന്റെ ഭാഗമായി മഹാസമാധി സന്നിധിയിൽ വച്ച് ശ്രീനാരായണ ദിവ്യസത്സംഗവും പ്രബോധനവും ജപവും ധ്യാനവും രണ്ടു ദിവസവും ഉണ്ടാകും. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരൻ തുടങ്ങിയ ലോകഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വ മഹാഗുരുവിന്റെ ദർശനത്തിന്റെ സഫലീകരണമാണ് നമ്മുടെ ലക്ഷ്യം. അതിനു വീഥിയൊരുക്കുന്ന ഈ പ്രവാസി സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നു.