
ബംഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ ഉൾപ്പെടെയുള്ളവരുടെ ജുഡീഷ്യൽ കസ്റ്റഡി സെപ്റ്റംബർ 12 വരെ നീട്ടി. കേസിലെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനാൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് വിഡിയോ കോൺഫറൻസ് വഴി 24-ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കുകയായിരുന്നു.
കേസിലെ പ്രാഥമിക കുറ്റപത്രം പൊലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചു. ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ദർശന് വിഐപി പരിചരണം ലഭിക്കുന്നുവെന്നതിന് തെളിവ് സഹിതം വിവരങ്ങൾ പുറത്ത് വന്നത് വലിയ വിവാദമായതോടെ കുരുക്കിലായ കർണാടക സർക്കാർ താരത്തെ ബെല്ലാരി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
രേണുകസ്വാമി നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
കന്നഡ താരം ദർശൻ തൂഗുദീപ പ്രതിയായ രേണുകാസ്വാമി കൊലക്കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്.
കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ദർശൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്. കേസിൽ 3,991 പേജുള്ള പ്രാഥമിക കുറ്റപത്രമാണ് പൊലീസ് കഴിഞ്ഞയാഴ്ച കോടതിയിൽ സമർപ്പിച്ചത്. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും സ്വകാര്യഭാഗങ്ങളിലും മാരകമായ ക്ഷതമേൽപ്പിക്കുകയും രേണുകാസ്വാമി മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുപ്രതികൾക്ക് ദർശൻ 30 ലക്ഷം രൂപ നൽകിയതായി നടൻ മൊഴി നൽകിയിട്ടുണ്ട്.