
സ്കോട്ട്‌ലാൻഡിനെ യുവേഫ നേഷൻസ് ലീഗിൽ 2-1ന് തോൽപ്പിച്ച് പോർച്ചുഗൽ
കരിയറിലെ 901-ാം ഗോളുമായി വിജയം നേടിക്കൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ : പകരക്കാരനായിറങ്ങിയിട്ടും പറങ്കിപ്പടയുടെ വീരനായകനായി തിളങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞരാത്രി യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പോർച്ചുഗലിന് ജയിക്കാനായത് ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഗോളിന്റെ മികവിലാണ്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ലീഡ് നേടി സ്കോട്ട്ലാൻഡ് പറങ്കികളെ ഞെട്ടിച്ചെങ്കിലും മത്സരം അവസാനിക്കാൻ രണ്ടു മിനിട്ടു മാത്രം ബാക്കിനിൽക്കേ സമനിലയുടെ വക്കിൽനിന്നും വിജയഗോളുമായി ക്രിസ്റ്റ്യാനോ രക്ഷകനായി അവതരിച്ചു.സ്കോട്ട് മക്ഡൊമിനിയുടെ ഗോളിലൂടെയാണ് സ്കോട്ട്ലാൻഡ് മുന്നിലെത്തിയിരുന്നത്. 54–ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസും 88-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോട്ടിഷ് വലകുലുക്കി. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 901–ാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ റൊണാൾഡോയുടെ രണ്ടു ശ്രമങ്ങൾ പോസ്റ്റിൽത്തട്ടി തെറിച്ചിരുന്നു. കഴിഞ്ഞദിവസം ക്രൊയേഷ്യയ്ക്ക് എതിരെയും ക്രിസ്റ്റ്യാനോ ഗോളടിച്ചിരുന്നു.
ആദ്യ മത്സരത്തിൽ പോളണ്ടിനോടും തോറ്റിരുന്ന സ്കോട്‌ലാൻഡിന് വിജയിക്കാൻ കഴിയാത്ത തുടർച്ചയായ എട്ടാം മത്സരമാണിത്. ഏറ്റവും ഒടുവിൽ കളിച്ച 14 മത്സരങ്ങളിൽ അവർക്ക് ജയിക്കാനായത് ഒരേയൊരു മത്സരത്തിൽ മാത്രമാണ്. സ്കോട്‍ലാൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇത്.
മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ 1-0ത്തിന് പോളണ്ടിനെ തോൽപ്പിച്ചു. സൂപ്പർതാരം ലൂക്കാ മോഡ്രിച്ചാണ് 52–ാം മിനിട്ടിൽ വിജയഗോളടിച്ചത്. സ്വിറ്റ്സർലൻഡിനെതിരെ സ്പെയിൻ 4–1ന്റെ മികച്ച വിജയം സ്വന്തമാക്കി. ഫാബിയൻ റൂയിസിന്റെ ഇരട്ടഗോളും ജോസലു, ഫെറാൻ ടോറസ് എന്നിവരുടെ ഗോളുകളുമാണ് സ്പെയിന് തകർപ്പൻ വിജയം സമ്മാനിച്ചത്. റോബിൻ ലെ നോർമാൻഡ് ചുവപ്പുകാർഡ് കണ്ട് 20–ാം മിനിട്ടിൽ പുറത്തു പോയതിനാൽ, 10 പേരുമായാണ് സ്പെയിൻ മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. സ്വിസ്സിന്റെ ഏക ഗോൾ 41–ാം മിനിറ്റിൽ സേകി ആംദൗനി നേടി. ആദ്യ മത്സരത്തിൽ സ്പെയിൻ സെർബിയയോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. മറ്റു മത്സരങ്ങളിൽ സ്ലൊവാക്യ അസർബൈജാനെയും (2–0), ബെലാറസ് ലക്സംബർഗിനെയും (1–0), ബൾഗേറിയ നോർത്തേൺ അയർലൻഡിനെയും (1–0), ഡെൻമാർക്ക് സെർബിയയെയും (2–0) തോൽപ്പിച്ചു.