pic

വാഷിംഗ്ടൺ: പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ യു.എസ് സന്ദർശനത്തിനിടെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ നൈപുണ്യമുള്ളവർ ബഹുമാനിക്കപ്പെടുന്നില്ലെന്നും ടെക്‌സാസ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെ കുറ്റപ്പെടുത്തി. ഉത്പാദന രംഗത്ത് ചൈന മുന്നേറുകയാണ്. ആഗോള ഉത്പാദനത്തിൽ ആധിപത്യം നേടിക്കഴിഞ്ഞു. എന്നാൽ ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തൊഴിലില്ലായ്മ നേരിടുന്നു. തൊഴിലില്ലായ്മ പരിഹരിക്കാൻ ഇന്ത്യ ഉത്പാദനം ഉയർത്തണം. ഇന്ത്യയിൽ നൈപുണ്യമുള്ളവർ ധാരാളമുണ്ട്. എന്നാൽ അവർ മാറ്റിനിറുത്തപ്പെടുന്നു. സ്ത്രീകൾ ചില മേഖലകളിൽ മാത്രം ഒതുങ്ങണമെന്ന വിശ്വാസമാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും. സ്ത്രീകൾ അടുക്കളയിൽ മതിയെന്ന് ആർ.എസ്.എസ് കരുതുന്നു. തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രാജ്യത്ത് ആർക്കും ഭയമില്ലെന്നും രാഹുൽ പറഞ്ഞു. ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് രാഹുൽ യു.എസിലെത്തിയത്. വാഷിംഗ്ടൺ ഡി.സിയിലെ ചർച്ചകളിലും പങ്കെടുക്കും.  രാജ്യത്തെ രാഹുൽ അപമാനിക്കുന്നു: ബി.ജെ.പി രാഹുലിനെ വിമർശിച്ച് കേന്ദ്ര മന്ത്രിമാർ അടക്കം ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. രാഹുൽ രാജ്യത്തെ അപമാനിക്കാനും പ്രതിച്ഛായ തകർക്കാനും ആഗ്രഹിക്കുന്നു. വിദേശത്തു പോയാൽ ഇത് പതിവാണെന്നും കുറ്റപ്പെടുത്തി.