kcl
കൊച്ചിക്കെതിരെ അബ്ദുള്‍ ബാസിത്തിന്റെ ബാറ്റിംഗ് | ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷന്‍

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ട്രിവാന്‍ഡ്രത്തിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സാണ് വിജയത്തിന് അടിത്തറയിട്ടത്. അബ്ദുള്‍ ബാസിതാണ് കളിയിലെ കേമന്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ടീം കൊല്ലത്തിന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

ടോസ് നേടിയ ട്രിവാന്‍ഡ്രം കൊച്ചിയെ ബാറ്റിംഗിനയച്ചു. ടി.എസ് വിനില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കൊച്ചിയുടെ ഓപ്പണര്‍ ജോബിന്‍ ജോബി (ഒന്ന്) യുടെ വിക്കറ്റ് നഷ്ടമായി. അബ്ദുള്‍ ബാസിതിന് ക്യാച്ച് നല്‍കിയാണ് ജോബിന്‍ പുറത്തു പോയത്. അഞ്ജു ജോതി (15 റണ്‍സ്), ആനന്ദ് കൃഷ്ണന്‍ (ആറ്), ഷോണ്‍ റോജര്‍(20), പവന്‍ ശ്രീധര്‍(ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ കൊച്ചി 9.4 ഓവറില്‍ അഞ്ചിന് 48 എന്ന നിലയിലായി.

നിഖില്‍ തോട്ടത്ത്- സിജോമോന്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 87ലെത്തിച്ചു. 18 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത സിജോമോനെ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താക്കിയതോടെ കൊച്ചി കൂടുതല്‍ പ്രതിരോധത്തിലായി. 20 പന്തില്‍നിന്നും രണ്ട് സിക്സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സെടുത്ത നിഖില്‍ തോട്ടത്തെ അബ്ദുള്‍ ബാസിത് ക്ലീന്‍ ബൗള്‍ഡാക്കി. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍(12), ബേസില്‍ തമ്പി(12) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല. ഇന്നിംഗ്സിലെ അവസാന പന്തില്‍ ഷൈന്‍ ജോണ്‍ ജേക്കബിനെ വിനോദ്കുമാറിന്റെ പന്തില്‍ അബ്ദുള്‍ ബാസിത് പുറത്താക്കിയതോടെ കൊച്ചി 131 റണ്‍സിന് ഓള്‍ ഔട്ട്.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് സ്‌കോര്‍ 36 ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത റിയാ ബഷീറിനെ ഉണ്ണികൃഷ്ണന്റെ പന്തില്‍ സിജോമോന്‍ പുറത്താക്കി. ഉണ്ണികൃഷ്ണന്റെ ഇതേ ഓവറില്‍ തന്നെ ഗോവിന്ദ് പൈയും റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും എ.കെ ആകര്‍ഷും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ നാലു റണ്‍സ് വിജയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് അര്‍ധ സെഞ്ചുറി നേടി.

32 പന്തില്‍ അഞ്ചു സിക്സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഇന്നിംഗ്സ്. 25 റണ്‍സുമായി നിന്ന ആകര്‍ഷ് അവസാന ഓവറിലെ നാലാംപന്തില്‍ സിജോമോന്‍ ജോസഫിന്റെ ഗംഭീര ക്യാച്ചിലൂടെ പുറത്തായി. ഒരു പന്ത് ബാക്കി നില്ക്കെ ജോഫിന്‍ അനൂപിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റോയല്‍സിന് വിജയം സമ്മാനിച്ചു.