pakistan

ഇസ്ലാമാബാദ്: പറയുന്നത് ശരിയാണെങ്കില്‍ അത് കടത്തില്‍ നിന്ന് കടത്തിലേക്ക് മുങ്ങിത്താഴുന്ന പാകിസ്ഥാന് ഒരു കച്ചിത്തുരുമ്പാണ്. അറബിക്കടലിന് അടിയില്‍ പുതിയ എണ്ണ ശേഖരം കണ്ടെത്തിയെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. തങ്ങളുടെ ഒരു സുഹൃദ് രാജ്യവുമായി സഹകരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി മേഖലയില്‍ നിരീക്ഷണം നടത്തിവരികയാണെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. പ്രകൃതിവാതകവും പെട്രോളിയവും അടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണശേഖരം കണ്ടെത്തിയെന്നാണ് അവര്‍ പറയുന്നത്.

2023ലെ പാകിസ്ഥാന്റെ ഊര്‍ജ്ജ ഇറക്കുമതി 17.5 ബില്യണ്‍ ഡോളറായിരുന്നു അതായത് ഏകദേശം 1,45,250 കോടി ഇന്ത്യന്‍ രൂപ. അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയോളമാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രാജ്യത്തിന് ആവശ്യമായ 29 ശതമാനം ഗ്യാസും 85 ശതമാനം പെട്രോളിയവും 20 ശതമാനം കല്‍ക്കരിയും 50 ശതമാനം എല്‍.പി.ജിയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. പുതിയ എണ്ണശേഖരം ഉപയോഗിച്ച് ഈ കണക്കുകളെ മറികടക്കാനാകുമോ എന്ന കാര്യത്തില്‍ പക്ഷേ ഉറപ്പില്ല.

എണ്ണശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ മേഖലയില്‍ നിന്നും ഖനനം ആരംഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അതിന് മുമ്പ് അവകാശവാദങ്ങള്‍ നടത്തുന്നതില്‍ വലിയ കാര്യമില്ലെന്ന് പാക് ഓയില്‍ കമ്പനിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. 2018ലും സമാനമായ ഒരു വാദമുയര്‍ന്നിരുന്നു. അന്ന് അമേരിക്കന്‍ കമ്പനി കോടികള്‍ മുടക്കി ഇതിന് വേണ്ടി തെരച്ചില്‍ നടത്തിയെഭങ്കിലും നിരാശയായിരുന്നു ഫലം.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണശേഖരമാണ് പാകിസ്ഥാനില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ ഖനനം ചെയ്തെടുക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് പാകിസ്ഥാനെ വലിയ തോതില്‍ സഹായിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യത്തിന് നിലവില്‍ വിദേശ സഹായമില്ലാതെ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല. എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് പാകിസ്ഥാന്റെ തലവര മാറ്റുമെന്നതില്‍ സംശയമില്ല.