
ഹാനോയ്: ഉഷ്ണമേഖലാ കൊടുങ്കാറ്റായ 'യാഗി" ദുരിതംവിതച്ച വിയറ്റ്‌നാമിൽ മരിച്ചവരുടെ എണ്ണം 64 ആയി. 240ലേറെ പേർക്ക് പരിക്കേറ്റു. യാഗിയ്ക്ക് പിന്നാലെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമാണ് കൂടുതൽ പേരും മരിച്ചത്.
ഇന്നലെ ഫൂതോ പ്രവിശ്യയിൽ പാലം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് പതിച്ചു. 13 പേരെ കാണാതായി. കാവോബാംഗ് പ്രവിശ്യയിൽ 20 യാത്രികരുമായി ബസ് ഉരുൾപ്പൊട്ടലിൽ ഒഴുകി പോയി. നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളെ രക്ഷിച്ചു.
ചൈനയിലും ഫിലിപ്പീൻസിലുമായി 24 പേരുടെ ജീവൻ കവർന്നതിന് പിന്നാലെ ശനിയാഴ്ചയാണ് യാഗി വിയറ്റ്‌നാമിൽ കരതൊട്ടത്. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ്, ക്വാംഗ് നിൻ പ്രവിശ്യകളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിൽ യാഗി നാശംവിതച്ചു. ഞായറാഴ്ച യാഗിയുടെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ തുടരുകയാണ്. ഈ വർഷം ഏഷ്യയിൽ വീശിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി.