
കൊൽക്കത്ത: അതിർത്തിയിലൂടെ നുഴഞ്ഞുകയറിയാൽ തേനീച്ച ശരിയാക്കും. ബി. എസ്.എഫിന്റെ തേനീച്ച വളർത്തൽ പദ്ധതി ഹിറ്റ്. നുഴഞ്ഞു കയറ്റം നന്നേ കുറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ 46 കിലോമീറ്റർ വേലിയിലാണ് തേനീച്ചക്കൂടുകൾ സ്ഥാപിച്ചത്. കഴിഞ്ഞ നവംബർ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാൻ ആരംഭിച്ചതെന്ന് 32ാം ബെറ്റാലിയന് നേതൃത്വം നൽകുന്ന കമൻഡാന്റ് സുജീത്കുമാർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വൈബ്രന്റ് വില്ലേജും സംരംഭത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.
നുഴഞ്ഞുകയറുന്നതിന് തടയിടാൻ വഴികൾ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയിൽപ്പെട്ടതെന്ന് സുജീത് കുമാർ പറഞ്ഞു. കൂടാതെ വിരമിച്ചാൽ ജവാന്മാർക്ക് തേനീച്ച വളർത്തൽ വരുമാനമാർഗമായി സ്വീകരിക്കാനും ഇത് ഉപകരിക്കും. ഇപ്പോൾ മറ്റ് യൂണിറ്റുകളിൽ നിന്നും ആളുകൾ ഈ രീതി പഠിക്കാൻ വരുന്നുണ്ട്. അതിർത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും എണ്ണത്തിലും കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു.