
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ നിര്‍മാണം 2024ല്‍ തന്നെ ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈ വര്‍ഷം തന്നെ മാളിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി. 4000 കോടി രൂപ മുതല്‍മുടക്കിലാണ് മാള്‍ പണിയുന്നത്. 3000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നതിനുള്ള നിക്ഷേപ പദ്ധതിയായിട്ടാണ് മൂന്നരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ മാള്‍ പണിയുന്നത്.
നേരിട്ട് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ പരോക്ഷമായി ലഭിക്കുമെന്നാണ് കരുതുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്. തിരുവനന്തപുരം ലുലു മാളിനാണ് ഈ റെക്കോഡ്. അഹമ്മദാബാദി മാള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ തിരുവനന്തപുരത്തിന്റെ ഒന്നാം സ്ഥാനം നഷ്ടമാകും.
തിരുവനന്തപുരത്തേതിനേക്കാള്‍ വലിയ മാള്‍ ചെന്നൈയില്‍ പണികഴിപ്പിക്കാനും ലുലുവിന് പദ്ധതിയുണ്ട്. ചെന്നൈ മെട്രോ സ്റ്റേഷനില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും ലുലുഗ്രൂപ്പിന് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഷേണോയ് നഗര്‍, ചെന്നൈ സെന്‍ട്രല്‍, വിംകോ നഗര്‍ എന്നിവിടങ്ങളിലാകും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പണികഴിപ്പിക്കുന്നത്. കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.