ഡ്രൈവർ മദ്യലഹരിയിൽ
പീരുമേട് : ഡീൻ കുര്യാക്കോസ് എം.പി സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചശേഷം നിറുത്താതെ പോയ കാർ പൊലീസ് പിടികൂടി.
ഇന്നലെ രാത്രി ഏഴോടെ പെരുവന്താനത്തിന് സമീപമായിരുന്നു അപകടം. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട എം.പി വിവരങ്ങൾ ചോദിച്ചെങ്കിലും കളിയാക്കിയശേഷം വീണ്ടും അമിതവേഗതയിൽ മുന്നോട്ടെടുത്തു. വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിക്കാനത്ത് ഹൈവേ പൊലീസ് സംഘം കൈകാട്ടിയെങ്കിലും കാർ നിറുത്തിയില്ല. തുടർന്ന് പീരുമേട് സി.ഐ ഗോപി ചന്ദ്രൻ ഏലപ്പാറയിൽ പട്രോളിംഗിലുണ്ടായിരുന്ന സംഘത്തോട് വാഹനം പിടികൂടാൻ നിർദ്ദേശിച്ചു. റോഡിൽ വാഹന ക്രമീകരണം ഏർപ്പെടുത്തിയതോടെ കാറിനു കടന്നുപോകാൻ കഴിയാതെ വന്നു. പൊലീസിന് നേരെ തട്ടിക്കയറിയെങ്കിലും ഡ്രൈവർ പാമ്പാടുംപാറ സ്വദേശി സുധീഷിനെ പിടികൂടി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.