
കയ്റോ: പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന നെഫെർറ്റിറ്റി രാജ്ഞിയുടെ പ്രശസ്തമായ അർദ്ധകായ പ്രതിമ ജർമ്മനി തിരകെ നൽകണമെന്ന ആവശ്യം ശക്തമാക്കി ഈജിപ്ഷ്യൻ ഗവേഷകർ. നിലവിൽ ബെർലിനിലെ ന്യൂസ് മ്യൂസിയത്തിലാണ് ചുണ്ണാമ്പ്കല്ലിൽ തീർത്ത പ്രതിമയുള്ളത്. 1912ൽ ജർമ്മൻ ഗവേഷകർ ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ടെൽ അൽ - അമാർനയിൽ നിന്നാണ് പ്രതിമ കണ്ടെത്തിയത്. തൊട്ടടുത്ത വർഷം ജർമ്മനിയിലേക്ക് കൊണ്ടുപോയി.
പ്രതിമയ്ക്കായി ഈജിപ്ഷ്യൻ ആർക്കിയോളജിസ്റ്റായ ഡോ. സാഹി ഹവാസിന്റെ നേതൃത്വത്തിൽ ക്യാമ്പെയിൻ തുടങ്ങി. പുരാതന ഈജിപ്റ്റിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയ ആളായ ഹവാസ് ഈജിപ്റ്റിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രി കൂടിയാണ്. പ്രതിമ ഈജിപ്റ്റിൽ നിന്ന് അനധികൃതമായി കടത്തിയതാണെന്ന് അദ്ദേഹം പറയുന്നു. ന്യൂസ് മ്യൂസിയം പ്രതികരിച്ചിട്ടില്ല.
ഏറെ നിഗൂഢതകൾ നിറഞ്ഞ നെഫെർറ്റിറ്റിയുടെ മമ്മി ഇന്നേ വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അഖെനാറ്റൻ രാജാവിന്റെ പത്നിയായിരുന്നു നെഫെർറ്റിറ്റി. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തയായത്.
ബി.സി 1370നും 1330നും ഇടയിലായിരുന്നു നെഫെർറ്റിറ്റി ഈജിപ്റ്റ് ഭരിച്ചിരുന്നത് എന്ന് കരുതുന്നു. അഖെനാറ്റൻ രാജാവിന്റെ മരണ ശേഷം നെഫെർറ്റിറ്റി ഈജിപ്റ്റിന്റെ ഭരണാധികാരിയായെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.
നെഫെർറ്റിറ്റിയുടെ മമ്മി തിരിച്ചറിയാനായാൽ തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷമുള്ള ഈജിപ്ഷ്യൻ ചരിത്രത്തിലെ നിർണായക നാഴികകല്ലുകളിലൊന്നായി മാറും. ബി.സി 1332 - ബി.സി 1323 കാലഘട്ടത്തിൽ ഈജിപ്റ്റിലെ ഫറവോ ആയിരുന്നു തുത്തൻഖാമൻ. തുത്തൻഖാമന്റെ ഭാര്യ അൻഖെസെനമൂൻ നെഫെർറ്റിറ്റിയുടെ മകളാണ്.
നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വാലി ഒഫ് ദ കിംഗ്സിൽ നെഫെർറ്റിറ്റി രാജ്ഞിയുടെ മമ്മി ഉണ്ടാകാമെന്ന് കരുതുന്നു. 18ാം തലമുറയിൽപ്പെട്ട ഈജിപ്ഷ്യൻ രാജകുടുംബത്തിലെ അഖെനാറ്റൻ മുതൽ അമെൻഹോട്ടപ് മൂന്നാമൻ വരെയുള്ളവരുടെ മമ്മികളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ വിവരങ്ങളിലൂടെ നെഫെർറ്റിറ്റിയുടെ മമ്മി തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നേരത്തെ തലയില്ലാത്ത ഒരു മമ്മി ഇവിടെ കണ്ടെത്തിയിരുന്നു. ഇത് നെഫെർറ്റിറ്റിയുടേത് ആണോ എന്നറിയാൻ പഠനങ്ങൾ തുടരുന്നുണ്ട്.