liquor-bottles

അമരാവതി: വിലകൂടിയ മദ്യം നശിപ്പിക്കുന്നത് കണ്ടാൽ ഏതെങ്കിലും കുടിയന്മാർ സഹിക്കുമോ? സഹിക്കില്ലെന്ന് മാത്രമല്ല ആ ക്രൂര പ്രവൃത്തിയെ അവർ എങ്ങനെയും തടയുകയും ചെയ്യും. അത്തരം ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ഇത് നടന്നത്. അനധികൃതമായി പൊലീസ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഏറ്റുകുരു റോഡിലെ ഡമ്പിംഗ് യാർഡിലാണ് നശിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ പൊലീസ് കുപ്പികൾ നശിപ്പിക്കുന്നതിനിടെ ഓടിയെത്തിയവർ മദ്യക്കുപ്പികളും എടുത്ത് ഓടുകയായിരുന്നു.

liquor-bottles

50 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യമാണ് പൊലീസ് നശിപ്പിക്കാൻ ശ്രമിച്ചത്. മദ്യക്കുപ്പികൾ നിരത്തി വച്ച ശേഷം ജെസിബി അതിന് മുകളിലൂടെ കയറ്റിയാണ് കുപ്പികൾ നശിപ്പിക്കുന്നത്. ഇതിനായി കുപ്പികൾ നിരത്തി വച്ചപ്പോൾ ഓടി കൂടിയവർ അത് എടുത്ത് ഓടുകയായിരുന്നു. പൊലീസിന് നോക്കിനിൽക്കാൻ മാത്രമേ പറ്റിയുള്ളൂ. രണ്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. അതിനാൽ അവർക്ക് ആളുകളെ തടയാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.