
ആപ്പിൾ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐ ഫോൺ 16 പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. സ്റ്റാൻഡേർഡ് ഐഫോൺ 16 മോഡലുകൾക്ക് നിരവധി അപ്‌ഗ്രേഡുകളാണ് കമ്പനി വാഗ്ദാനം ചെയ്തിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ പതിപ്പുകൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുൻ മോഡലുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 16 പ്രോ പതിപ്പും എത്തിയിരിക്കുന്നത്.
ഐഫോൺ 16 സീരീസിന്റെ പ്രീഓർഡർ ഉടൻ തന്നെ ആരംഭിക്കും, ഫ്ളിപ്പ്കാർട്ട്, ആമസോൺ, ആപ്പിൾ സ്റ്റോർ, മറ്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ എത്ര രൂപയ്ക്ക് ഐ ഫോൺ 16 ലഭിക്കുമെന്നാണ് ടെക് ആരാധകർ ഉറ്റുനോക്കുന്നത്. വിശദാംശങ്ങൾ പരിശോധിക്കാം..
ഇന്ത്യയിൽ എത്ര രൂപയ്ക്ക് ലഭിക്കും
പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം യുഎസ് വിപണിയിൽ, ഐ ഫോൺ 16ന് 67,000 രൂപയാണ് പ്രാരംഭ വില. ഐ ഫോൺ 16 പ്ലസിലേക്ക് എത്തുമ്പോൾ അത് 75,500 രൂപയാകും. പ്രോ മോഡലുകളിൽ 128 ജിബിയ്ക്ക് 83,870 രൂപയും ഐ ഫോൺ 16 പ്രോ മാക്സ് 256 ജിബിയ്ക്ക് ഒരു ലക്ഷം രൂപയുമാണ്.
ഇന്ത്യൻ വിപണിയിലെ വിലയും പുറത്തുവന്നിട്ടുണ്ട്. ഐ ഫോൺ 16ന് 79,000 രൂപയും ഐ ഫോൺ 16 പ്ലസ് 89,900 രൂപയുമാണ് ഇന്ത്യൻ മാർക്കറ്റിലെ വില. ഐ ഫോൺ 16 പ്രോയ്ക്ക് ഇന്ത്യയിൽ ആരംഭ വില 1,19,900 രൂപയാണ്. ഏറ്റവും ഉയർന്ന പതിപ്പായ ഐ ഫോൺ 16 പ്രോ മാക്സിന് 1,44,900 രൂപയാണ് ഇന്ത്യൻ മാർക്കറ്റിലെ വില.
സെപ്റ്റംബർ 13 മുതലാണ് ഐ ഫോൺ 16 സീരീസിന്റെ പ്രീ ഓർഡർ ആരംഭിക്കുന്നത്. വൈകിട്ട് 5.30 മുതൽ ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 20ന് ആണ് ആദ്യത്തെ വിൽപന നടക്കുക. അതേസമയം, ഇന്ത്യയിൽ നിർമ്മിച്ച ആപ്പിളിന്റെ ഐ ഫോൺ 16 സീരീസ് അതിവേഗം ആഗോള വിപണികളിലെത്തും.
ആദ്യമായാണ് ഇന്ത്യയിൽ നിർമ്മിച്ച ഒരു ആഗോള ഉത്പന്നം പുറത്തിറക്കുന്നതിന് തൊട്ടുപിന്നാലെ ലോകമൊട്ടാകെയുള്ള വിപണികളിൽ വില്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഉത്പാദന രംഗത്തിനും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും അഭിമാനിക്കാവുന്ന നാഴിക കല്ലാണിത്. ചൈനയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാന ഉത്പാദന കേന്ദ്രമായി ആപ്പിൾ ഇന്ത്യയെ മാറ്റുന്നത്.