
ഇംഫാൽ: മണിപ്പൂരിൽ കുക്കി - മെയ്‌തി ഏറ്റുമുട്ടൽ തുടരുകയാണ്. സംഘർഷത്തിൽ കാങ്പോക്പി ജില്ലയിലെ 46കാരി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾ അഗ്നിക്കിരയാക്കിയെന്ന് റിപ്പോർട്ട് ഉണ്ട്. ഞായറാഴ്ച രാത്രി മുതൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. പ്രദേശവാസികൾ അടുത്തുള്ള വനത്തിലേക്ക് പലായനം ചെയ്തതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെംജാഖോൾ ലുംഗ്ഡിം എന്ന യുവതിയാണ് മരിച്ചത്. ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് കെെമാറി. സ്ഥലത്ത് ബോംബേറ് ഉൾപ്പെടെ നടക്കുന്നതായാണ് വിവരം. മണിപ്പൂരിലെ ഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയും ജിരിബാമിലും വീണ്ടും ആക്രമണമുണ്ടായി. ജിരിബാമിൽ കുക്കികൾ ഉപേക്ഷിച്ച ഗ്രാമത്തിന് മെയ്‌തി വിഭാഗം തീയിട്ടു.
മണിപ്പൂരിൽ നിന്ന് സായുധസേനയെ പിൻവലിക്കണമെന്നും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഇന്നലെ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ വൻ സംഘർഷം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിലും രാജ്ഭവനു മുന്നിലുമാണ് ആയിരക്കണക്കിനു പേർ പ്രതിഷേധിച്ചത്. രാജ് ഭവന് നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ 20 പേർക്ക് പരുക്കേറ്റിരുന്നു. സിആർപിഎഫ് വാഹനവും ആക്രമിച്ചു.