
സുരക്ഷിതമായ ഒരു റിട്ടയർമെന്റ് ജീവിതമാണോ ലക്ഷ്യം? എങ്കിൽ നിങ്ങൾക്കായി ഒരു മികച്ച നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി) എന്ന പ്രതിമാസ വരുമാന പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രതിമാസം ആയിരം രൂപ നിക്ഷേപിച്ച് ഒരു കോടി രൂപ വരെ എസ്‌ഐപിയിലൂടെ നേടാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
പ്രതിവർഷമോ പ്രതിമാസമോ എന്ന കണക്കിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയബന്ധിതമായ രീതിയിൽ നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണിത്, നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്ചൽ ഫണ്ട് സ്‌കീമുകൾ തുടങ്ങിയവ നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്.
നിക്ഷേപകൻ 20 വയസ് മുതൽക്കേ എസ്ഐപിയിൽ 1000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ 60 വയസ് ആകുമ്പോഴേക്കും ഒരു കോടി രൂപ സമ്പാദിക്കാൻ സാധിക്കും. അതായത് പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ നിരക്കിൽ 40 വർഷത്തേക്ക് നിങ്ങൾ പ്രതിമാസം 1000 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഈ 40 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 4,80,000 രൂപ നിക്ഷേപിച്ചിട്ടുണ്ടാകും. എന്നാൽ പലിശയിലൂടെ ഏകദേശം 1,14,02,420 രൂപ ലഭിക്കും. അതായത് നിങ്ങളുടെ മൊത്തം സമ്പാദ്യം 1,18,82,420 രൂപയായിരിക്കും.
നിക്ഷേപിച്ച തുക: 4,80,000 രൂപ
പലിശ: 1,14,02,420 രൂപ
ആകെ മൂല്യം: 1,18,82,420 രൂപ