palada

ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പായസം. പ്രത്യേകിച്ച് പാലട, കടല, അട തുടങ്ങിയവ. ഇതെല്ലാം തയ്യാറാക്കണമെങ്കിൽ ഏറെ സമയം വേണം. എന്നാൽ, വെറും പത്ത് മിനിട്ടിൽ ഏറെ രുചികരമായ പാലട പ്രഥമൻ തയ്യാറാക്കാം. പിങ്ക് നിറത്തിലുള്ള പാലട പ്രഥമൻ തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും ചെയ്യേണ്ട രീതിയും നോക്കാം.

ആവശ്യമായ സാധനങ്ങൾ

മട്ട അരിയുടെ പാലട - 100 ഗ്രാം

പഞ്ചസാര - ആവശ്യത്തിന്

പാൽ - 1 ലിറ്റർ

നെയ്യ് - 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

പാലട നന്നായി കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തിൽ 15 മിനിട്ട് കുതിർക്കാൻ വയ്‌ക്കണം. ശേഷം ചുവട് കട്ടിയുള്ള പാത്രം സ്റ്റൗവിൽ വച്ച് ചൂടാവുമ്പോൾ ഒരു ടീസ്‌പൂൺ നെയ്യ് ചേർത്തുകൊടുക്കുക. ഇത് ഉരുകുമ്പോൾ അരക്കപ്പ് പഞ്ചസാര ഇടണം. ബ്രൗൺ നിറത്തിലുള്ള കാരമൽ ആകുന്നതുവരെ ചൂടാക്കണം. ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചുകൊടുക്കുക. കാരമൽ ആദ്യം കട്ടിയായിരിക്കുമെങ്കിലും വെള്ളം തിളയ്‌ക്കുമ്പോൾ പഴയ രൂപത്തിലാകും.

ഇതിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് തിളപ്പിക്കണം. ഈ സമയം, നിങ്ങളുടെ മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തുകൊടുക്കണം. കുതിരാൻ വച്ച അട വെള്ളത്തോടെ ഇതിലേക്ക് ചേർക്കണം. നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് ഒരു സ്‌പൂൺ നെയ്യും ഏലയ്‌ക്കാപ്പൊടിയും ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.