dubai-

ദുബായ്: ഇൻസ്റ്റഗ്രാമിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി ഷെയ്ഖ മഹ്റ ബിന്ദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനം ഏറെ ചർച്ചയായിരുന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ മകളാണ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ച് ഭർത്താവിനെ തലാഖ് ചൊല്ലിയത്.

ദിവസങ്ങൾക്ക് മുമ്പ് മഹ്ര അതേ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് ചർച്ചയായിരുന്നു ബൈ മെഹ്റ എം1 കമിംഗ് സൂൺ എന്ന് എഴുതി ഒരു ചിത്രം പങ്കുവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മെഹ്ര.

ഡിവോഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഒരു കറുത്ത നിറത്തിലുള്ള കുപ്പി പെർഫ്യൂമാണ് ചിത്രത്തിലുള്ളത്. മഹ്ര പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് പെർഫ്യൂമാണിതെന്നാണ് കരുതുന്നത്. ദുബായ് വിപണിയിൽ ലഭ്യമാകുന്ന ഈ ഉൽപ്പനത്തിന്റെ വിലവിവരത്തെക്കുറിച്ച് ഇതുവരെ വ്യക്തമല്ല. പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജിലാണ് തന്റെ പുതിയ ബ്രാൻഡിനെ പരിചയപ്പെടുത്തി മഹ്ര രംഗത്തെത്തിയത്.

ഈ വർഷം ജൂലായിലായിരുന്നു ദുബായ് രാജകുമാരി ഷെയ്ഖ മഹ്ര അൽ മക്തൂം ഇൻസ്റ്റഗ്രാമിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചത്. ' പ്രിയ ഭർത്താവേ, നിങ്ങൾ മറ്റുള്ളവർക്കൊപ്പം തിരക്കിലായിരിക്കാം. ഞാൻ നമ്മളുടെ വിവാഹമോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു (മൂന്നു തവണ പറഞ്ഞു) എന്ന് നിങ്ങളുടെ മുൻ ഭാര്യ' -മഹ്റ ഇൻസ്റ്റയിൽ കുറിച്ചു.

കഴിഞ്ഞ വർഷം മേയിലായിരുന്നു ഇരുവരുടെയും രാജകീയ വിവാഹം. അടുത്തിടെ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. ഷെയ്ഖ് മന ബിൻ അൽ മക്തും ആണ് മഹ്റയുടെ ഭർത്താവ്. യു.എ.ഇ ആംഡ് ഫോഴ്സ് നാഷണൽ സർവീസിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മന റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി മേഖലകളിലെ നിരവധി സംരംഭങ്ങളിൽ പങ്കാളിയാണ്. മനയുമൊത്തുള്ള ചിത്രങ്ങൾ മഹ്റ ഇൻസ്റ്റയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.