waste-collection

തിരുവനന്തപുരം: മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് നെടുമങ്ങാട് പട്ടണം. പ്ലാസ്റ്റിക് മാത്രമല്ല പഴകിയ ചെരുപ്പോ,ബാഗോ,വസ്ത്രങ്ങളോ എന്തുതന്നെയായാലും ഹരിത കുപ്പായമണിഞ്ഞ പെൺപട ഇലക്ട്രിക് ഓട്ടോകളിൽ പറന്നെത്തി ശേഖരിക്കും.'സീറോ വേസ്റ്റ് മുനിസിപ്പാലിറ്റി" പദ്ധതി ആവിഷ്കരിച്ച് മൂന്നാം മാസത്തിൽ 39 വാർഡുകളിൽ നിന്നായി ഹരിതകർമ്മ സേന ശേഖരിച്ചത് 66 ടൺ മാലിന്യമാണ്. പരിശീലനം ലഭിച്ച എഴുപത്തെട്ട്‍ വനിതകളാണ് പുതുചരിത്രം രചിക്കുന്നത്.

ഇലക്ട്രിക് ഓട്ടോകൾക്ക് പുറമെ, നഗരസഭ വക ടിപ്പറും മറ്റൊരു വാടക വണ്ടിയും ശ്രമകരമായ ദൗത്യത്തിൽ വനിതകളെ സഹായിക്കാൻ നിരത്തിലോടുന്നുണ്ട്. മാലിന്യം തരംതിരിച്ച് ബെയിലിംഗ് നടപടികൾക്ക് ശേഷം കയറ്റുമതി നടത്തുകയാണ് ചെയ്യുന്നത്. ഇതിനു 'ഗ്രീൻ വേംസ്" എന്ന ഏജൻസിയുമായി നഗരസഭ കരാർ ഉറപ്പിച്ചിട്ടുണ്ട്. ഏജൻസിയുടെ പ്രോജക്ട് അസോസിയേറ്റ് നഗരസഭ ഓഫീസിൽ പ്രവർത്തന സജ്ജമാണ്.

ladies

യന്ത്രവും വഴങ്ങും.

വീടുകളിലും സ്ഥാപനങ്ങളിലുമെത്തി കക്കൂസ് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്ന സക്കിംഗ് മെഷ്യനും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. കല്ലമ്പാറയിൽ 2000 സ്ക്വയർ ഫീറ്റുള്ള മെറ്റീരിയൽ റിക്കവറി കളക്ഷൻ സെന്ററും (എം.ആർ.എഫ്), പനങ്ങോട്ടേലയിൽ 4000 സ്ക്വയർ ഫീറ്റുള്ള പ്ലാസ്റ്റിക് നിർമ്മാർജ്ജന യൂണിറ്റും (ആർ.ആർ.എഫ്.സി) കാര്യക്ഷമമാണ്. സാങ്കേതിക പരിശീലനം സിദ്ധിച്ച ഹരിത സേനാംഗങ്ങൾ തന്നെയാണ് ഇവിടെയും താരങ്ങൾ. പ്ലാസ്റ്റിക് തരംതിരിച്ചു പൊടിക്കുന്നതിനുള്ള ഷണ്ടിംഗ് മെഷീൻ, അവ പായ്ക്ക് ചെയ്യുന്നതിനുള്ള ബൈൻഡിംഗ് മെഷീൻ, വരിയായിനിന്ന് പ്ലാസ്റ്റിക് പാക്ക്‌ ചെയ്യാവുന്ന കൺവെയർ ബെൽറ്റ്, പ്ലാസ്റ്റിക് ക്ലീൻ ചെയ്യുന്നതിനുള്ള വീൽബാരോ മുതലായവയെല്ലാം പ്രവർത്തിപ്പിക്കുന്നതും വനിതകളാണ്.

സേനയുടെ സേവനം

വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക്, തുണി, കുപ്പി മുതലായവ എം.സി.എഫുകളിൽ എത്തിക്കും. അവിടെ പുനർചംക്രമണത്തിനു വിധേയമാകുന്ന തരത്തിൽ തരം തിരിച്ച് ഉപയോഗരഹിതമായവ റോഡ് ടാറിംഗിനും മറ്റുമായി പൊടിച്ചെടുക്കും.തികച്ചും ശാസ്ത്രീയമായി പ്രവർത്തിക്കുന്ന എം.ആർ.എഫ്, ആർ.ആർ.എഫ് സെന്ററുകൾ മാതൃകാപരമാണ്.പരിസരവാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല. ജൈവമാലിന്യം ഇല്ലാത്തതിനാൽ ഗന്ധമോ, ജലസ്രോതസുകൾക്ക് ഭീഷണിയോ ഇല്ല.