
തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന അനുഭവവും മധുരമുള്ള ഓർമ്മയുമാണ്. ഓണത്തിന്റെ പുതുമ ഒരിക്കലും നഷ്ടമാകുന്നില്ല. വൃദ്ധനായ ഒരാൾ പോലും തിരുവോണനാളിൽ അറിയാതെ ഒരു കൊച്ചുകുട്ടിയായി മാറുന്നു. നാളെയെക്കുറിച്ച് ചിന്തയില്ലാതെ എല്ലാവരും സന്തോഷിക്കുന്നു, വിദ്വേഷങ്ങൾ മറന്ന് സ്‌നേഹം പങ്കിടുന്നു.
പ്രകൃതി ആടയാഭരണങ്ങളണിഞ്ഞ് സുന്ദരിയായി മാറുന്ന കാലമാണ് ഓണക്കാലം. പറമ്പിലെങ്ങും തുമ്പയും തെച്ചിയും മുക്കുറ്റിയും മറ്റനേകം പുഷ്പങ്ങളും നിറഞ്ഞുനിൽക്കും. ചേമ്പിലകൾ പച്ചക്കുട ചൂടി നിൽക്കും. വാഴകൾ നന്ദിയോടെ ശിരസ് കുനിച്ചു നിൽക്കും. പൂമ്പാറ്റകളും തുമ്പികളും വട്ടമിട്ടു പറക്കും. കുട്ടികൾ ഉത്സാഹത്തോടെ പൂക്കൾ തേടി അലയും, മഹാബലിക്കും തൃക്കാക്കരയപ്പനും പൂക്കളം തീർക്കും. മറ്റു കുട്ടികൾ വിനോദങ്ങളിൽ ഏർപ്പെടും. അമ്മമാർ പലഹാരങ്ങളുണ്ടാക്കും. ഇതൊക്കെ പഴയ ഓണത്തിന്റെ ഓർമ്മകളാണ്. ഇന്ന് വളരെ മാറ്റം വന്നു. എന്നാൽ അടിസ്ഥാനപരമായി ഓണം അന്നും ഇന്നും എന്നും ഒന്നുതന്നെ.
ഓണത്തിന്റെ സന്ദേശം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശമാണ്. പങ്കുവയ്ക്കുമ്പോൾ സന്തോഷം വർദ്ധിച്ചുകൊണ്ടേയിരിക്കും. എന്നാൽ ദുഃഖത്തിന്റെ കാര്യം നേരേ മറിച്ചാണ്. പങ്കുവയ്ക്കുംതോറും അത് കുറഞ്ഞുകൊണ്ടിരിക്കും. നമ്മൾ ദുഃഖം തന്നെ മറന്ന സ്ഥിതിയാകും. നമ്മളൊരു ഫലിതം കേൾക്കുന്നുവെന്നു വിചാരിക്കുക, അതുകേട്ട് നമ്മൾ പൊട്ടിച്ചിരിക്കും എന്നാൽ ആ ഫലിതം തന്നെ പിന്നെയും പിന്നെയും ഓർത്തുകൊണ്ടിരിക്കുമ്പോൾ ചിരി വരാറില്ല. എന്നാൽ മറ്റൊരാളോട് അതേ ഫലിതം പറയുന്നു. അത് കേട്ട് അയാൾ പൊട്ടിച്ചിരിക്കും. അയാളോടൊപ്പം നമ്മളും പൊട്ടിച്ചിരിക്കും. പിന്നെ മൂന്നാമതൊരാളോട് പറഞ്ഞാൽ അയാളും പൊട്ടിച്ചിരിക്കും. അപ്പോഴും നമ്മൾ കൂടെ ചിരിക്കും. ഇങ്ങനെ എത്ര തവണ വേണമെങ്കിലും സംഭവിക്കാം. അതാണ് പങ്കുവെയ്ക്കലിന്റെ മഹത്വം.
ഓണത്തെ ഒരു കൊയ്ത്തുത്സവം മാത്രമായും ആഘോഷിക്കാനുള്ള അവസരം മാത്രമായും കണ്ടാൽ ഓണത്തിന്റെ യഥാർത്ഥ സന്ദേശം നമുക്ക് നഷ്ടപ്പെട്ടുപോകും. ഓണം, മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും ഈശ്വരനും തമ്മിലുമുള്ള ഉത്തമമായ ബന്ധത്തിന്റെ ആഘോഷമാണ്. ത്യാഗത്തിന്റെയും ഭക്തിയുടെയും ഈശ്വര സമർപ്പണത്തിന്റെയും സന്ദേശമാണ് ഓണം നമുക്കു നൽകുന്നത്.
എല്ലാ ദുഃഖങ്ങളുടെ നടുവിലും സന്തോഷം സ്വയമുണ്ടാക്കാൻ കഴിയുമെന്ന് ഓണം ഓർമ്മിപ്പിക്കുന്നു. എന്തുവന്നാലും ഞാൻ സന്തോഷവാനായിരിക്കുമെന്ന് തീരുമാനിക്കുന്ന ഒരാളെ ദുഃഖിപ്പിക്കാൻ പ്രപഞ്ചത്തിലെ ഒരു ശക്തിയ്ക്കും സാദ്ധ്യമല്ല.
ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്‌നേഹം പങ്കുവെക്കാൻ ദുഃഖങ്ങൾ മറക്കാൻ, നല്ലതു പ്രതീക്ഷിക്കാൻ, നല്ല നാളെയെ സ്വപ്നം കാണാൻ, ഓണം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ നമ്മൾ സന്തോഷവും സ്‌നേഹവും നുകരുക, പങ്കുവയ്ക്കുക. സ്‌നേഹത്തിൽ, ഭക്തിയിൽ, ഐക്യത്തിൽ, ഒരു മനസായി ഒന്നായി തീരുക. അതാണ് ഓണത്തിന്റെ ഹൃദയം. ആ ഐക്യം, വിശ്വാസം, ശുഭപ്രതീക്ഷ, ആഹ്ളാദം, ഉത്സാഹം അതിനെ ഉണർത്താനും ഉദ്ധരിക്കാനും നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.