
കൂത്താട്ടുകുളം: യൂണിഫോം അണിഞ്ഞ് ക്യാമ്പസിലെത്തിയാൽ എഴുപത്തിനാലുകാരി തങ്കമ്മ കുഞ്ഞപ്പന് പതിനാറിന്റെ ചെറുപ്പം. ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാംവർഷ ബി.കോം വിദ്യാർത്ഥിനിയാണ് തൊഴിലുറപ്പ് മേറ്റായ തങ്കമ്മ. വാർദ്ധക്യത്തിൽ ഉത്തരവാദിത്വങ്ങൾ ഒഴിഞ്ഞതോടെയാണ് പഠനം തിരിച്ചു പിടിക്കണമെന്ന ആഗ്രഹം കുഞ്ഞമ്മയിൽ വീണ്ടും മൊട്ടിട്ടത്.
സാക്ഷരതാ മിഷന്റെ തുടർപഠന ക്ലാസിലൂടെ പത്താം ക്ലാസ്, പ്ലസ് ടു തുല്യതാ പരീക്ഷകൾ മികച്ച വിജയം നേടി പാസായി. 2024ൽ 78 ശതമാനം മാർക്കോടെയായിരുന്നു മിന്നുന്ന ജയം. ചെറുപ്പകാലത്ത് തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ പഠനം തുടരാനുള്ള മോഹം മനസിൽ കലശലായി. നാട്ടുകാരും കുടുംബവും കൂടെ നിന്നതോടെ ബികോമിന് പ്രവേശനം നേടുകയായിരുന്നു. പഠനത്തിന് അഡ്മിഷൻ നൽകിയ വിസാറ്റ് കോളേജ് തങ്കമ്മ ചേടത്തിയുടെ മുഴുവൻ പഠനചെലവും സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്.
കോട്ടയം രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പിള്ളിയിൽ ആണ് തങ്കമ്മ ജനിച്ചത്. നിര്യാതനായ തങ്കപ്പൻ എഴുകമലയിലാണ് ഭർത്താവ്. മക്കൾ ബാബു കുഞ്ഞപ്പൻ, ലീന കുഞ്ഞപ്പൻ. മകൻ ബാബുവിന്റെ ഒപ്പമാണ് തങ്കമ്മയുടെ താമസം.
എട്ടാം ക്ലാസിൽ മുടങ്ങിയ പഠനം
പലവിധ ബുദ്ധിമുട്ടുകളാൽ എട്ടാംക്ലാസിൽ തങ്കമ്മയ്ക്ക് പഠനം നിറുത്തേണ്ടിവന്നു. തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ തങ്കമ്മയ്ക്ക് മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത ആവശ്യമായി വന്നതോടെയാണ് പഠനം തുടരാമെന്ന ആശയമുദിച്ചത്. സാക്ഷരതാ മിഷൻ പത്താംക്ലാസ് പരീക്ഷ എഴുതി 74 ശതമാനം മാർക്കോടെ വിജയിച്ചു. തുടർപഠനം വീണ്ടും മുടങ്ങി.
പിന്നീട് പ്ലസ് ടുവിന് ഹ്യുമാനിറ്റീസിൽ പഠനം തുടർന്നു. ഈ അവസരത്തിലാണ് വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതർ തങ്കമ്മയ്ക്ക് ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കിയത്. വയസ്സ് 74 ആയതിനാൽ എം.ജി. സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം പുതുക്കി നൽകുകയായിരുന്നു.