
ലിയോൺ : യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ രണ്ടാം മത്സരത്തിൽ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസിന് ജയം. മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ബെൽജിയത്തെയാണ് ഫ്രാൻസ് കീഴടക്കിയത്. നേഷൻസ് കപ്പിന്റെ പുതിയ സീസണിലെ ഫ്രാൻസിന്റെ ആദ്യ ജയമാണിത്. ഫ്രാൻസിന്റെ ഹോംമാച്ചിൽ ആദ്യ പകുതിയിൽ രൊൻഡാൽ കോളോമുവാനിയും രണ്ടാം പകുതിയിൽ ഒസ്മാനെ ഡെംബലെയും നേടിയ ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. 29-ാം മിനിട്ടിലായിരുന്നു കോളോമുവാനിയുടെ ഗോൾ. 57-ാം മിനിട്ടിൽ ഡെംബലെയും സ്കോർ ചെയ്തു.
അതേസമയം ആദ്യ മത്സരത്തിൽ ഫ്രാൻസിനെ 3-1ന് തോൽപ്പിച്ചിരുന്ന ഇറ്റലി രണ്ടാം മത്സരത്തിൽ ഇസ്രയേലിനെ 1-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് രണ്ടിൽ ആറുപോയിന്റുമായി ഒന്നാമതേക്ക് എത്തി. 38-ാം മിനിട്ടിൽ ഡേവിഡ് ഫ്രാറ്റേസിയും 62-ാം മിനിട്ടിൽ മോയ്സ് കീനുമാണ് ഇറ്റലിക്കായി സ്കോർ ചെയ്തത്. ഇസ്രയേലിനായി 90-ാം മിനിട്ടിൽ മുഹമ്മദ് അബുഫാനി ആശ്വാസഗോൾ നേടി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഇസ്രയേലിന്റെ ദേശീയഗാനം ഉയർന്നപ്പോൾ പാലസ്തീൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഗാലറിയിൽ ഒരുകൂട്ടൻ ഇറ്റാലിയൻ ആരാധകർ പുറംതിരിഞ്ഞുനിന്ന് പ്രതിഷേധിച്ചിരുന്നു.
മറ്റ് മത്സരങ്ങളിൽ തുർക്കി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഐസ്‌ലാൻഡിനെയും നോർവേ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്ട്രിയയെയും വേയ്ൽസ് ഇതേ സ്കോറിന് മോണ്ടിനെഗ്രോയേയും തോൽപ്പിച്ചു. തുർക്കിക്ക് വേണ്ടി അബ്ദൽ കരീം അക്തുർ കൊഗ്ളുവാണ് മൂന്ന് ഗോളുകളും നേടിയത്. രണ്ട്,52,88 മിനിട്ടുകളിലായിരുന്നു കൊഗ്ളുവിന്റെ ഹാട്രിക്. നോർവ്വേയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലാൻഡാണ് 80-ാം മിനിട്ടിൽ വിജയഗോളടിച്ചത്.
മത്സരഫലങ്ങൾ
ഫ്രാൻസ് 2- ബെൽജിയം 0
തുർക്കി 3- ഐസ്‌ലാൻഡ് 1
ഇറ്റലി 2- ഇസ്രയേൽ 1
നോർവേ 2-ആസ്ട്രിയ 1
വേയ്ൽസ് 2- മോണ്ടിനെഗ്രോ 1