
ന്യൂഡല്‍ഹി: പല സാധനങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലെ വിവിധ മേഖലകളെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഈ പ്രതിസന്ധി ഇന്ത്യന്‍ സ്റ്റീല്‍ മേഖലയേയും ബാധിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടും മറ്റ് മാര്‍ഗങ്ങളിലൂടെയും സ്റ്റീല്‍ ഇറക്കുമതി വ്യാപകമാണ്. ഇപ്പോഴുള്ള ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തെ നിരവധി യൂണിറ്റുകള്‍ ശ്രമിക്കുന്നുണ്ട്, ഇതിന് പുറമേ കയറ്റുമതി വിപണിയില്‍ പ്രതിസന്ധിയുമുണ്ട്. ഈ ഘട്ടത്തിലാണ് ചൈനയില്‍ നിന്നുള്ള സ്റ്റീലിന്റെ ഇറക്കുമതി പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
രാജ്യത്തെ വിപണയില്‍ സ്റ്റീല്‍ ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഉത്പാതന ചെലവ് പോലും വില്‍പ്പനയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള വരവ് കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. രാജ്യത്തെ പൊതുവായ ഈ സ്ഥിതി കേരളത്തേയും ബാധിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് 60+ യൂണിറ്റുകളുണ്ടായിരുന്നത് ഇന്ന് വിരലിലെണ്ണാവുന്ന തരത്തിലേക്ക് ശോഷിച്ചുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ചൈനയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് സ്റ്റീല്‍ കമ്പനികളുടെ ആവശ്യം. ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ അമേരിക്ക നേരിട്ട രീതി അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടലുണ്ടാകണമെന്നും കമ്പനികള്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ മാതൃകയില്‍ ചൈനീസ് സ്റ്റീലിന് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ ആവശ്യം.
'ടാറ്റ സ്റ്റീല്‍, എ.എം.എന്‍.എസ്, ജെ.എസ്.പി.എല്‍, ജെ.എസ്.ഡബ്ല്യു തുടങ്ങിയ എല്ലാ സ്റ്റീല്‍ കമ്പനികളും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ തുക ചെലവിട്ടുകൊണ്ടിരിക്കുകയാണ്. വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ഇത് അവതാളത്തിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്'', ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടര്‍ ടി.വി. നരേന്ദ്രന്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 8.3 ദശലക്ഷം ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 38.1 ശതമാനം അധികമാണിത്. അതേസമയം കയറ്റുമതി 7.5 ദശലക്ഷം ടണ്‍ മാത്രമാണ്.