
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ഒൻപതാം ദിവസത്തെ ആദ്യ കളിയിൽ ആലപ്പി റിപ്പിൾസിനെ രണ്ടു റൺസിന് തോൽപ്പിച്ച് കൊല്ലം സെയ്‌ലേഴ്‌സ്.ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടിയപ്പോൾ ആലപ്പുഴയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുക്കാനേ സാധിച്ചുള്ളു. കൊല്ലത്തിനായി നായകൻ സച്ചിൻ ബേബിയും (55)ആലപ്പുഴയ്ക്കായി നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും (56) അർദ്ധസെഞ്ച്വറികൾ നേടി.കൊല്ലത്തിനു വേണ്ടി നാലോവറിൽ 29 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ബിജു നാരായണനാണ് പ്ലേയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിനായി അഭിഷേക് നായർ-അരുൺ പൗലോസ് ഓപ്പണിംഗ് കൂട്ടുകെട്ട് 49 റൺസ് സ്വന്തമാക്കി. 27 പന്തിൽനിന്നും 26 റൺസെടുത്ത അഭിഷേകിനെ വിശ്വേശ്വർ സുരേഷ് എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. ക്യാപ്റ്റൻ സച്ചിൻ ബേബിയും രാഹുൽ ശർമയുമായി ചേർന്നുള്ള മികച്ച കൂട്ടുകെട്ടാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 29 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി (33 പന്തിൽ 55) ആനന്ദ് ജോസഫിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമത്തിനിടെ കൃഷ്ണപ്രസാദിന് ക്യാച്ച് നല്കി മടങ്ങി.
ആലപ്പുഴയ്ക്കു വേണ്ടി വിശ്വേശ്വർ സുരേഷ് നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി. 164 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസ്ഹറുദ്ദീൻ- കൃഷ്ണപ്രസാദ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ആറ് ഓവറിൽ സ്‌കോർ 50 കടത്തി. സ്‌കോർ 68ലെത്തിയപ്പോൾ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് ആലപ്പുഴയ്ക്ക് നഷ്ടമായി. 10 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 എന്ന ശക്തമായ നിലയിലായിരുന്നു ആലപ്പുഴ. 10-ാം ഓവറിലെ അവസാന പന്തിൽ സിംഗിൾ എടുത്ത് ആലപ്പുഴയുടെ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീൻ അർ്ദ്ധ സെഞ്ച്വറി തികച്ചു. 30 പന്തിൽ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു അർദ്ധസെഞ്ച്വറി. 13-ാം ഓവറിൽ ആലപ്പി സ്‌കോർ 100 പിന്നിട്ടു. 38 പന്തിൽ നിന്നും 56 റൺസെടുത്ത മുഹമ്മദ് അസ്ഹറുദീനെ ബിജു നാരായണന്‍ പുറത്താക്കിയത് കളിയുടെ വഴിത്തിരിവായി. പിന്നീട് തുടർച്ചയായി വിക്കറ്റ് വീഴ്ത്താൻ ആയത് കൊല്ലത്തിന് നേട്ടമായി. അവസാന ഓവറിൽ വിജയിക്കാൻ ആലപ്പുഴയ്ക്ക് 11 റൺസ് വേണ്ടിയിരുന്നു. അവസാന ഓവറിൽ ഫൈസൽ ഫാനൂസ് സിക്‌സ് അടിച്ച് വിജയപ്രതീക്ഷ സമ്മാനിച്ചുവെങ്കിലും അവസാന പന്തിൽവിജയിക്കാന്‍ മൂന്നു റൺസ് വേണ്ടിയിരുന്നു. ആലപ്പുഴയുടെ നീല്‍ സണ്ണി ആസിഫിന്റെ പന്ത് ബൗണ്ടറി പായിക്കാൻ ശ്രമിച്ചുവെങ്കിലും മിഥുന് ക്യാച്ച് നല്കി പുറത്തുപോകേണ്ടിവന്നു. ഇതോടെ കൊല്ലത്തിന് രണ്ട് റണ്‍സിന്റെ ജയം.