
തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റ് എഫ്.സിയും 1-1ന് സമനിലയിൽ പിരിഞ്ഞു
കോഴിക്കോട് : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റ് എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 21-ാം മിനിട്ടിൽ തൃശൂർ സ്വദേശി അഷർ മുഹമ്മദിലൂടെ കൊമ്പൻസാണ് ആദ്യം മുന്നിലെത്തിയത്. 32-ാം മിനിട്ടിൽ റിച്ചാർഡ് ഒസേയ് അഗേയ്മാംഗിലൂടെ കാലിക്കറ്റ് സമനില പിടിച്ചു.
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെയെത്തിയ ആരാധകർക്ക് നടുവിലാണ് തിരുവനന്തപുരത്തിന്റെ കൊമ്പന്മാരെ നേരിടാൻ കാലിക്കറ്റ് കളത്തിലിറങ്ങിയത്. ആദ്യ മിനിട്ടുകളിൽ തന്നെ ഇരു പോസ്റ്റുകളിലെയും ഗോൾ കീപ്പർമാർ പരീക്ഷിക്കപ്പെട്ടു. കാലിക്കറ്റിന് വേണ്ടി ആർപ്പുവിളിച്ച ആരാധകരെ നിശബ്ദരാക്കി മത്സരത്തിലെ ആദ്യ ഗോളടിച്ചത് കൊമ്പൻസാണ്. ഡിഫൻഡർമാരെ വെട്ടിച്ചുകൊണ്ട് പന്തുമായി ബോക്സിലേക്ക് കടന്നുകയറിയ അഷർ തകർപ്പനൊരു ബുള്ളറ്റ് ഷോട്ടിലൂടെ കാലിക്കറ്റിന്റെ വലയുടെ മേലേമൂലയിലേക്ക് പന്തടിച്ചു കയറ്റി. സ്കോർ 1-0.
കാലിക്കറ്റിന്റെ മറുപടിയെത്താൻ അധികം വൈകിയില്ല. 32-ാം മിനിട്ടിൽ വിംഗിൽ നിന്ന് ഉയർത്തിയെടുത്ത ഒരു ഫ്രീകിക്കിനെ ഉയർന്നു ചാടി തലകൊണ്ട് മനോഹരമായി കണക്ട് ചെയ്താണ് റിച്ചാഡ് കളി സമനിലയിലാക്കിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോളടിക്കാൻ ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ആറ് മിനിട്ട് ഇൻജുറി ടൈമും പൂർത്തിയായപ്പോഴും ഫലമുണ്ടായില്ല.
വെള്ളിയാഴ്ച ഇതേ വേദിയിൽ കണ്ണൂർ വാരിയേഴ്സും ഫോഴ്സ കൊച്ചി എഫ്.സിയും തമ്മിലാണ് ലീഗിലെ അടുത്ത മത്സരം.