salary-challenge

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ ജീവനക്കാരുടെ സാലറി ചലഞ്ചിൽ തണുത്ത പ്രതികരണം. ലക്ഷ്യമിട്ടത് 500 കോടി. കിട്ടുക 300 കോടിയിൽ താഴെ. ആകെയുള്ള 5.32 ലക്ഷം ജീവനക്കാരിൽ പങ്കെടുത്തത് 52% പേർ മാത്രം. ഈമാസം അഞ്ചുവരെയായിരുന്നു സമ്മതപത്രം നൽകാനുള്ള അവസരം. അതേസമയം, പൊതുജനങ്ങളിൽ നിന്ന് ഇതുവരെ 347 കോടിയോളം ദുരിതാശ്വാസ നിധിയിൽ ലഭിച്ചു.

സാലറി ചലഞ്ചിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല. പങ്കെടുത്ത ജീവനക്കാരിൽ ഏറെപേരും ലീവ് സറണ്ടറിൽ നിന്ന് തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയയോ ഗഡുക്കളായോ നൽകാനായിരുന്നു അവസരം.

സമ്മതപത്രം നൽകാത്തവരിൽ നിന്നു പണം ഈടക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്ക് വഴിയായിരുന്നു സമ്മതപത്രം നൽകേണ്ടിയിരുന്നത്.

പ്രതികരണം കുറഞ്ഞതിന് കാരണം

1.ശമ്പളത്തിൽ കൈവയ്ക്കാനുള്ള ജീവനക്കാരുടെ വിമുഖത

2.അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിൽ

പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്

ആദ്യ രണ്ട് സാലറി ചലഞ്ചുകൾ

2018ൽ പ്രളയ ദുരിതാശ്വാസത്തിന്. 80% ജീവനക്കാർ പങ്കാളികളായി. കിട്ടിയത് 1246.98 കോടി. ലക്ഷ്യമിട്ടത് 1500 കോടി

2020ൽ കൊവിഡ് കാലത്ത്. കടുത്ത എതിർപ്പുയർന്നു. ചില സംഘടനകൾ കോടതിയെ സമീപിച്ചു. കിട്ടിയത് 700 കോടി. ലക്ഷ്യമിട്ടത് 1000 കോടി