
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. ചെറുപ്പം മുതൽ അഭിനയരംഗത്ത് എത്തിയ അനുമോൾ ടിവി ഷോകളിലും ശ്രദ്ധയമായ സ്ഥാനം കെെയടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ലൊക്കേഷനിലുണ്ടായ ചില ദുരനുഭവങ്ങൾ തുറന്നു പറയുകയാണ് അനുമോൾ. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
'ആദ്യകാലത്ത് ഞാനും അമ്മയും കൂടിയായിരുന്നു ഷൂട്ടിന് പോകുന്നത്. ആദ്യം അച്ഛൻ കാറിൽ കൊണ്ടാക്കുമായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന് പറ്റാണ്ടായി. അങ്ങനെ ഞാനും അമ്മയും ബസിലാണ് ഷൂട്ടിന് വരുന്നത്. സെറ്റിലെ ആൾക്കാർ രാത്രി 11മണിക്കും 12മണിക്കും പിടിച്ചിരുത്തു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്. ഇത് ഇപ്പോഴും നടക്കുന്നുണ്ട്.
എനിക്ക് അത് ഇപ്പോഴും ഓർമയുണ്ട്. ഒരു സീരിയൽ സെറ്റായിരുന്നു അത്. ഷൂട്ടിംഗ് കഴിഞ്ഞാലും വിട്ടില്ല. സെറ്റിൽ പിടിച്ചിരുത്തും. ടിഎ തരില്ല, എന്നിട്ട് രാത്രി റോഡിൽ ഇറക്കി വിട്ടിട്ട് പോകും. അന്ന് സ്റ്റാർ വാല്യു ഇല്ലാത്തത് കൊണ്ടായിരിക്കും. നാളെ ഒരു സമയത്ത് ഇങ്ങനെ വെെകി വിടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരെന്ത് ചെയ്യും.
ഒരിക്കൽ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സംവിധായകൻ എന്നെ വലിയൊരു തെറി വിളിച്ചു. ഫുഡ് കഴിക്കാൻ വേണ്ടിയാണോ വന്നതെന്ന് പറഞ്ഞ് ഒച്ചയെടുത്തു. രണ്ട് മൂന്ന് വർഷം മുൻപ് നടന്ന കാര്യമാണിത്. ഒത്തിരി കരഞ്ഞു. കണ്ണീര് മുഴുവൻ ആഹാരത്തിൽ വീണു. കുറച്ച് കഴിഞ്ഞ് പുള്ളി വന്ന് എന്നോട് സോറി പറഞ്ഞു. എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യം. അതോട് കൂടി ഞാൻ സീരിയൽ നിർത്തി',- അനു വ്യക്തമാക്കി.