
ബംഗളൂരു: ഗണേശ വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ മാലയും മൊബെെൽ ടാങ്കിൽ (താൽക്കാലികമായി നിർമ്മിച്ച വാട്ടർ ടാങ്ക്) നിക്ഷേപിച്ച് ദമ്പതികൾ. അബദ്ധം മനസിലായതിന് പിന്നാലെ 10 മണിക്കൂർ നീണ്ട തെരച്ചിലിലാണ് മാല കണ്ടെത്തിയത്. കർണാടക വിജയനഗറിലെ ദാസറഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണ് മാല ലഭിച്ചത്.
രാമയ്യ - ഉമാദേവി ദമ്പതികൾ അവരുടെ ഗണേശ വിഗ്രഹത്തിന് നാല് ലക്ഷം രൂപയുടെ സ്വർണമാല ധരിപ്പിച്ചിരുന്നു. ശേഷം വിഗ്രഹം പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചു. എന്നാൽ വിഗ്രഹം നിമജ്ജനം (വെള്ളത്തിൽ മുക്കിയപ്പോൾ) ചെയ്തപ്പോൾ മാല മാറ്റുന്ന കാര്യം മറന്നുപോയി. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദമ്പതികൾക്ക് മാലയുടെ കാര്യം ഓർമ വന്നത്.
വേഗം തിരിച്ച് മൊബെെൽ ടാങ്കിന്റെ അടുത്തേക്ക് പോയി. എന്നാൽ ടാങ്കിൽ നിരവധി ഗണേശ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. പിന്നാലെ ദമ്പതികൾ പൊലീസിന്റെ സഹായം തേടി. അവസാനം ടാങ്കിലെ മുഴുവൻ വെള്ളവും പമ്പ് ചെയ്ത് കളഞ്ഞ ശേഷമാണ് മാല കണ്ടെത്തിയത്.