saran

പത്തനംതിട്ട: ബിജെപി വിട്ട് രണ്ട് മാസം മുമ്പ് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കൺവെൻഷനിലായിരുന്നു തീരുമാനം. ഡിവൈഎഫ്ഐ പ്രവർത്തകന്റെ തലയടിച്ച് തകർത്ത കേസിൽ പ്രതിയായ ഇയാൾ സിപിഎമ്മിൽ ചേരുന്നതിന് മുമ്പ് എസ്‌എഫ്‌ഐ പ്രവർത്തകരെ ഉൾപ്പെടെ ആക്രമിച്ച കേസുകളിൽ പ്രതിയാണ്.

മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ ശരൺ സിപിഎമ്മിൽ ചേ‌ർന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ഇയാളെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചിരുന്നതെങ്കിലും എതിർപ്പ് ശക്തമായതോടെ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായി നിയമിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ആഴ്‌ച ഡിവൈഎഫ്ഐ പ്രവർത്തകൻ മുണ്ടുകോട്ടയ്‌ക്കൽ സ്വദേശി രാജേഷിനെ ബിയർ കുപ്പികൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചത് ശരൺ ചന്ദ്രനാണെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാൽ, ഭീഷണിയെ തുടർന്ന് രാജേഷ് അന്ന് പരാതി നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീടാണ് പരാതി നൽകിയത്. തുടർന്നാണ് നിസാര വകുപ്പുകൾ ചുമത്തി ശരണിനെതിരെ കേസെടുത്തിരുന്നു.

കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ ഉൾപ്പെടെ ക്രമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേ‌ർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തന്നെ ഇയാൾ ആക്രമിച്ചത്. ഈ കേസ് നിലനിൽക്കെയാണ് ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസി‌ഡന്റായി ഇയാളെ തിരഞ്ഞെടുത്തിരിക്കുന്നത്.