uae

അബുദാബി: യുഎഇയിൽ കഴിഞ്ഞദിവസം സിനിമയ്ക്ക് പോയ പ്രവാസികളടക്കം അനേകം പേരുടെ മൊബൈൽ ഫോൺ ഹാക്ക് ആയി. സിനിമാ പ്രദർശനത്തിന് മുൻപായി ഫോണിൽ വന്ന ഒരു ലിങ്കിൽ ക്ളിക്ക് ചെയ്തവർക്കാണ് പണി കിട്ടിയത്. 220 പേരുടെ ഫോണുകൾ ഹാക്ക് ആയതായാണ് വിവരം.

ഒരു സാമൂഹിക പരീക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണം എന്ന നിലയിൽ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്‌സ് എൻബിഡി ആണ് 'ഹാക്കിംഗ്' നടത്തിയത്. രാജ്യത്ത് ഉയ‌ർന്നുവരുന്ന ബാങ്കിംഗ് തട്ടിപ്പുകളിൽ ഉപഭോക്താക്കളിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഫോണുകളിൽ വ്യാജ ലിങ്ക് എത്തുകയും ഫോണുകൾ ഹാക്ക് ആവുകയും ചെയ്തത്. ദുബായ് പൊലീസിന്റെയും യുഎഇ സെൻട്രൽ ബാങ്കിന്റെയും സഹകരണത്തോടെയായിരുന്നു ബോധവത്‌കരണം നടത്തിയത്.

യുഎഇയിലെ വിഒഎക്‌സ് സിനിമാസിൽ സിനിമ കാണാനെത്തിയവരുടെ ഫോണിലേയ്ക്കാണ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്. സൗജന്യമായി പോപ്‌കോൺ ലഭിക്കുന്നതിനായി ലിങ്കിൽ ക്ളിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന ബോട്ട് ആണ് പ്രത്യക്ഷപ്പെട്ടത്. ഇതിൽ ക്ളിക്ക് ചെയ്തവരുടെ ഫോണിൽ വിഒഎക്‌സ് സിനിമാസിന്റെ സമാനമായ വെബ്‌സൈറ്റ് ഓപ്പൺ ആവുകയും പേരും ഫോൺ നമ്പരും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരങ്ങൾ നൽകി 'റെഡീം നൗ' കൊടുത്തവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി കാണിച്ച് സന്ദേശം വരികയായിരുന്നു.

ഇതിനുശേഷം തെറ്റായ വെബ്‌സൈറ്റിലാണ് ക്ളിക്ക് ചെയ്തതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകികൊണ്ടുള്ള സന്ദേശവും എല്ലാ ഫോണുകളിലും എത്തി.

വ്യക്തിവിവരങ്ങൾ, ഐഡികൾ, ഒടിപികൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ കൈക്കലാക്കാൻ ലക്ഷ്യമിട്ട് തട്ടിപ്പുകാർ വിവിധ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനാലാണ് അവബോധമെന്നോണം എമിറേറ്റ്സ് എൻബിഡി ഇത്തരമൊരു വ്യാജ ഹാക്കിംഗ് നടത്തിയതെന്ന് ബാങ്ക് പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയാസ്പദമായ ലിങ്കുകളോ ഇമെയിലുകളോ എത്തിയാൽ ബാങ്കിന്റെ കോൾ സെന്ററിനെയോ ദുബായ് പൊലീസിനയോ അറിയിക്കാൻ യുഎഇ അധികൃതരും അഭ്യർത്ഥിച്ചിട്ടുണ്ട്.