
''വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണല്ലോ! ആദ്യമായി ഓണം ആഘോഷിക്കുന്ന നമ്മുടെ കുഞ്ഞോമനകൾ മുതൽ, ആദ്യ ഓണം എന്നാണ് ആഘോഷിച്ചതെന്ന് പ്രായാധിക്യത്താൽ ഓർമ്മിക്കാനാകാത്ത മാതാപിതാക്കളും, ഗുരുസ്ഥാനീയരും, ഭിന്നശേഷി സുഹൃത്തുക്കളും, ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരും തുടങ്ങി എല്ലാവരുടേയുമുള്ളിൽ ഹൃദ്യമായ പുഞ്ചിരി വിരിയിക്കാനുള്ള നിമിഷങ്ങൾ നൽകണമേയെന്ന പ്രാർത്ഥനയോടെയാണ് ഓണത്തെ വരവേൽക്കേണ്ടത്! എല്ലാ സുഖവും,സന്തോഷവും എനിക്കുമാത്രമെന്ന് ചിന്തിക്കുന്ന വ്യക്തിക്ക്, ജീവിതത്തിൽ ഓണവും, പെരുന്നാളുമൊക്കെ അപ്രസക്ത മുഹൂർത്തങ്ങളും,അർത്ഥമില്ലാത്ത ദിനങ്ങളുമല്ലേ!"" സദസ്യരെ നിരീക്ഷിക്കുന്ന ഭാവത്തിലാണ് പ്രഭാഷകൻ ഇത്രയും പറഞ്ഞത്. എന്നാൽ, ഓരോരുത്തരും തനിക്ക് പ്രിയപ്പെട്ടതാണെന്ന പതിവുഭാവത്തിൽ മാറ്റം വരുത്തിയതുമില്ല! അതിനാൽ, പ്രഭാഷകന്റെ 'ഓണ സന്ദേശം"കേൾക്കുന്നതിനായി എല്ലാവരും ശ്രദ്ധാപൂർവമിരുന്നു.
''ഇത്ര കൃത്യതയോടെ, ആചാരങ്ങളും, ചിട്ടവട്ടങ്ങളും നിലനിറുത്തി, സത്യത്തിന്റെ ശോഭയോടെ നിലനിന്നിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന സുവർണ്ണകാലത്തിന്റെ ആത്മാർത്ഥമായ അനുസ്മരണമാണ് ഓണമെന്ന് വിലയിരുത്തുന്നതിൽ തെറ്റില്ലയെന്നു തോന്നുന്നു! ഹൈന്ദവ ഐതിഹ്യങ്ങളാണ് അടിസ്ഥാനമെങ്കിലും ഓണത്തിന്റെ സന്ദേശം വരും യുഗങ്ങളിലും പ്രസക്തിയുള്ളതായിരിക്കുമെന്ന സത്യം മലയാളികൾക്ക് അഭിമാനകരമാണ്. ഇന്നത്തെ ലോകം, അതിക്രമങ്ങളുടെയും വഞ്ചനയുടെയും മുന്നിൽ പകച്ചുനിൽക്കുമ്പോൾ കള്ളവും ചതിയുമൊന്നുമില്ലാത്ത സുന്ദരകാലമുണ്ടായിരുന്നെന്നും അതിന്റെ നെടുനായകത്വം അസുര ചക്രവർത്തിക്കായിരുന്നുവെന്നും മനസിലാക്കേണ്ടതാണ്. അവിടുത്തെ സമാധാനവും ക്ഷേമ ഐശ്വര്യങ്ങളും ദേവലോകത്തുതന്നെ അസ്വസ്ഥതയുണ്ടാക്കുകയും ദേവന്മാരുടെ അധാർമ്മികചിന്തകളാൽ സനാതന ധർമ്മത്തിന്റെ ഉപജ്ഞാതാവായ പരമാത്മാവിനെ സമീപിച്ചുവെന്നും ഭഗവാൻ വാമനരൂപത്തിൽ വിഷ്ണു ഭക്തനായിരുന്ന പ്രഹ്ളാദന്റെ പൗത്രൻ മഹാബലിയെ അനുഗ്രഹിച്ച് സുതലത്തിലേക്ക് അയച്ചെന്നുമാണ് മൂലകഥ. അത്തരമൊരു മാനവ നന്മയുടെ വാർഷിക അനുസ്മരണം പോലെ ഓണമെന്ന ആഘോഷനാളുകളും നമുക്കു സമ്മാനിച്ചിരിക്കുന്നു!
എന്നാൽ, നമുക്ക് വയനാട് ദുരന്തമുൾപ്പെടെയുള്ള ദുരന്തങ്ങളിലും അപകടങ്ങളിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളെ മറക്കാനാകുമോ! കഴിഞ്ഞ വർഷം നമുക്കൊപ്പം ഓണം ആഘോഷിച്ച പ്രിയപ്പെട്ട എത്രയാളുകളാണ് മൺമറഞ്ഞു പോയതെന്ന സത്യവും നമ്മൾ പ്രത്യേകം ഓർക്കണം! അവരുടെ ദീപ്തസ്മരണക്കു മുന്നിൽ നമിക്കുമ്പോൾ, ഞാൻ മുകളിൽ സൂചിപ്പിച്ചപോലെ വിവിധ കാരണങ്ങളാൽ ഓണം ആഘോഷിക്കാനാകാത്ത മനുഷ്യരെക്കൂടി നമുക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കണം! അവരില്ലാതെ നമുക്കെന്ത് ഓണാഘോഷമെന്ന ഒരു സ്നേഹചിന്ത പങ്കിടുന്നതിലൂടെ ഈ ഓണം കൂടുതൽ അർത്ഥമുള്ളതാകട്ടെ! പ്രതീക്ഷകളാണ് മനുഷ്യന് പ്രതിസന്ധികളെ മറികടക്കാനുള്ള ഊർജ്ജം പകർന്നിട്ടുള്ളത്! അപ്രകാരമുള്ള പ്രതീക്ഷകളോടെ എല്ലാവർക്കുമെന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ."" ഇപ്രകാരം പ്രഭാഷകൻ ആശംസകളോടെ അവസാനിപ്പിക്കുമ്പോൾ, സദസ്യരിൽ മിക്കവരും ഒരു സഹജീവിയുടെയെങ്കിലും പുഞ്ചിരിക്ക് തങ്ങൾ കാരണക്കാരാകണേ എന്ന പ്രാർത്ഥനയിലായായിരുന്നു!