
മുംബയ്: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ ടെറസിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. സ്വയം ചാടി മരിച്ചതാണെന്നാണ് പൊലീസ് അറിയിച്ചത്. കുറച്ച് കാലമായി അനിൽ അറോറ വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ബിസിനസ്, സിനിമാ വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്‌സ് പോളികാർപ്പുമായുള്ള വിവാഹത്തിൽ 1973ൽ മലൈകയും 1981ൽ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്നാം വയസ് മുതൽ മാതാപിതാക്കൾ പിരിഞ്ഞ് ജീവിക്കുകയാണെന്ന് മലൈക മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.
മലൈകയുടെ മുൻഭർത്താവ് അർബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബയിലെ വസതിയിൽ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.