kseb

കെ.എസ്.ഇ.ബിയിലെ ദുർച്ചെലവുകളുടെയും കെടുകാര്യസ്ഥതയുടെയും ബാദ്ധ്യത ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വർദ്ധനവ് നീക്കത്തിനു പിന്നിൽ. ഇതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതികരണം ഉറപ്പായതിനാൽ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ആക്ടിലെ പല വ്യവസ്ഥകളും ലംഘിച്ചാണ് നിരക്ക് വർദ്ധനവിന് മുന്നോടിയായുള്ള ഹിയറിംഗ് ഇപ്പോൾ നടത്തുന്നത്.

കമ്മിഷൻ ആക്ട് അട്ടിമറിക്കുന്നു

കെ.എസ്.ഇ.ബി ക്ക് നേരിട്ട് നിരക്ക് വർദ്ധിപ്പിക്കാനാകില്ല. കെ.എസ്.ഇ.ബി നിരക്ക് വർദ്ധനവിനുള്ള ശുപാർശ റെഗുലേറ്ററി കമ്മിഷന് നൽകണം. റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പു നടത്തി, റിപ്പോർട്ട് കൈമാറും. നിരക്ക് വർദ്ധനവ് സംബന്ധിച്ച കെ.എസ്.ഇ.ബിയുടെ ശുപാർശ അടിസ്ഥാനമാക്കിയുള്ള റെഗുലേറ്ററി കമ്മിഷന്റെ ഹിയറിംഗ് കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഹിയറിംഗോടെ തെളിവെടുപ്പ് അവസാനിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ നീക്കം.

1998-ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ആക്ട് പ്രകാരമാണ് റെഗുലേറ്ററി കമ്മിഷൻ പ്രവർത്തിക്കുന്നത്. റെഗുലേറ്ററി കമ്മിഷനുള്ള ശുപാർശകളും കമ്മിഷന്റെ റിപ്പോർട്ടുകളും ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കണമെന്നാണ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ആക്ട് സെക്ഷൻ നാലിൽ പറയുന്നത്. ഇംഗ്ലീഷിൽ ലഭിക്കുന്ന പരാതികളും റിപ്പോർട്ടുകളും വിവർത്തനം ചെയ്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നും നിയമത്തിൽ പറയുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും കാര്യങ്ങൾ മനസിലാക്കാനും അഭിപ്രായങ്ങൾ പറയാനുമാണ് ഇങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവന്നത്.

2023 മുതൽ 2027 വരെയുള്ള വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 111 പേജുള്ള ശുപാർശയാണ് കെ.എസ്.ഇ.ബി നൽകിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള ഈ ശുപാർശ റെഗുലേറ്ററി കമ്മിഷൻ അതേപടി ആദ്യം തങ്ങളുടെ വെബ്സൈറ്റിലും പിന്നീട് പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയായിരുന്നു. ജനങ്ങൾ കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കുന്നത് ഒഴിവാക്കാനാണ് മലയാളത്തിലുള്ള വിശദമായ പ്രസിദ്ധീകരണം ഒഴിവാക്കിയത്. ഇത് നിയമലംഘനത്തിനൊപ്പം ജനങ്ങളെ കബളിപ്പിക്കലുമാണ്. ഓഡിറ്റ് ചെയ്ത വരവ്- ചെലവ് കണക്കുകൾ അടിസ്ഥാനമാക്കിയുള്ള ശുപാർശയാണോ കെ.എസ്.ഇ.ബി നൽകിയതെന്നും പരിശോധിക്കണം.

മുൻകാലങ്ങളിൽ നിന്ന് വത്യസ്തമായി, ഇതുവരെ കഴിഞ്ഞ മൂന്ന് ഹിയറിംഗുകളിലും ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ് മൂന്ന് ഹിയറിംഗുകളിലും അതത് ജില്ലക്കാർക്കു മാത്രമാണ് പങ്കെടുക്കാൻ സാധിച്ചത്. അതുകൊണ്ടു തന്നെ എല്ലാ ജില്ലകളിലും ഹിയറിംഗ് നടത്തി കൂടുതൽ ജനങ്ങൾക്ക് പരാതി നൽകാനും കക്ഷി ചേരാനുമുള്ള അവസരം നൽകണം.

വരും, പുതിയ കൊള്ളകൾ

പുതിയ കൊള്ളകൾക്കുള്ള നീക്കവും കെ.എസ്.ഇ.ബിയുടെ ശുപാർശയിലുണ്ട്. സമ്മർ ചാർജ്ജാണ് അതിലൊന്ന്. ജനുവരി മുതൽ സമ്മർ ചാർജ്ജ് ഏർപ്പെടുത്താനാണ് നീക്കം. എന്നാൽ കേരളത്തിൽ വേനൽ രൂക്ഷമാകുന്നത് മാർച്ചിൽ മാത്രമാണ്. അങ്ങനെ സമ്മർ ചാർജ്ജ് ഏർപ്പെടുത്തുമ്പോൾ,​ വൈദ്യുതോല്പാദനം കുറയുന്ന മഴക്കാലത്ത് നിരക്ക് കുറയ്ക്കാനുള്ള ശുപാർശകളൊന്നും കാണുന്നില്ല.

കൂടുതൽ വൈദ്യുതി ഉപഭോഗം നടക്കുന്ന വൈകിട്ട് ആറു മുതൽ രാത്രി 10 വരെ പ്രത്യേക നിരക്ക് ഏർപ്പെടുത്താനുള്ള നീക്കം കേരളത്തിലെ വ്യവസായങ്ങളെ തകർക്കും. പീക്ക് അവേഴ്സ് ചാർജ്ജ് വരുന്നതോടെ നിലവിലുള്ള വ്യവസായങ്ങൾ കൂടി തകരും. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകുമ്പോഴാണ് കേരളത്തിൽ വ്യവസായങ്ങളെ തകർക്കുന്ന തീരുമാനങ്ങൾ വരുന്നത്.

പോറ്റേണ്ടത് ജനങ്ങളോ?​

കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ 32 ശതമാനവും ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കാണ് ചെലവിടുന്നത്. സ്ഥിരം ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കായി 5000 കോടിയും താത്കാലിക ജീവനക്കാർക്കായി 270 കോടിയുമാണ് വകയിരുത്തേണ്ടത്. കെ.എസ്.ഇ.ബിയിൽ താത്കാലിക നിയമനങ്ങൾ യൂണിയനുകൾക്ക് തീറെഴുതിയിരിക്കുകയാണ്. പിൻവാതിലിലൂടെ നിയമിച്ചവരെ തീറ്റിപ്പോറ്റാൻ വേണ്ടി കൂടിയാണ് പുതിയ നിരക്ക് വർദ്ധനവ്. പിൻവാതിലുകാരെല്ലാം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരാണ്. അതുകൊണ്ടാണ് നിരക്ക് വർദ്ധനവിനുള്ള നീക്കത്തതിനെതിരെ രാഷ്ട്രീയ പാർട്ടികളൊന്നും പ്രതികരിക്കാത്തത്. വർദ്ധനവ് പ്രഖ്യാപിച്ചു കഴിയുമ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ പ്രഹസന സമരങ്ങൾ മാത്രം നടത്തും!

കഴിഞ്ഞ സി.എ.ജി റിപ്പോർട്ടിൽ കെ.എസ്.ഇ.ബിയിൽ 10 ശതമാനം തൊഴിലാളികൾ അധികമാണെന്ന് പറയുന്നുണ്ട്. മറ്റ് സർക്കാർ വകുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബിയിൽ വൻ ശമ്പളവും വൻ പെൻഷനുമാണ്. സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരുടെ ശമ്പള സ്കെയിൽ 27000- 63000 ആണ്. എന്നാൽ കെ.എസ്.ഇ.ബി ഡ്രൈവറുടെ ശമ്പള സ്കെയിൽ 36000- 76000 ആണ്. കെ.എസ്.ഇ.ബിയിൽ ക്ഷാമബത്ത സർക്കാർ വകുപ്പുകളെക്കാൾ അഞ്ചു ശതമാനം അധികമാണ്. സ്മാർട്ട് മീറ്റർ സംവിധാനം ഏർപ്പെടുത്തിയാൽ മൂവായിരത്തോളം ജീവനക്കാരെ കുറയ്ക്കാം. ശമ്പള ഇനത്തിൽ വലിയ കുറവുണ്ടാകും. പക്ഷെ താത്കാലിക്കാരെ തീറ്റിപ്പോറ്റാൻ സ്മാർട്ട് മീറ്ററടക്കം മാറ്റിവച്ച് ജനങ്ങളെ പിഴിയാനാണ് ശ്രമം നടക്കുന്നത്.

കൊടി കുത്തിയ കെടുകാര്യസ്ഥത

നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നൽകിയ 111 പേജുള്ള ശുപാർശയിൽ 2023 വരെയുള്ള കെ.എസ്.ഇ.ബിയുടെ വരുമാനം എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബിക്ക് 92 ശതമാനം ബില്ലിംഗ് എഫിഷ്യൻസിയും 99 ശതമാനം കളക്ടിംഗ് എഫിഷ്യൻസിയും ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ 3300 കോടി രൂപ കെ.എസ്.ഇ.ബിക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, കുത്തക മുതലാളിമാർ എന്നിവരിൽ നിന്ന് വൈദ്യുതി ചാർജജ് ഇനത്തിൽ കുടിശികയായി കിട്ടാനുണ്ട്. കെ.എസ്.ഇ.ബിയുടെ കാര്യശേഷിയില്ലായ്മ മൂലമുള്ള സാമ്പത്തിക ബാദ്ധ്യത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് നിരക്ക് വർദ്ധനവിലൂടെ ശ്രമിക്കുന്നത്.

കേരളത്തിലെ 30 ശതമാനം വൈദ്യുതോല്പാദനവും വെള്ളത്തിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലയ്ക്ക് വൈദ്യുതി വിൽക്കുന്നതും കെ.എസ്.ഇ.ബിയാണ്. കേന്ദ്ര സബ്സിഡി പ്രയോജനപ്പെടുത്തി സോളാർ വൈദ്യുതി ഉല്പാദനം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല,​ നിരുത്സാഹപ്പെടുത്തുന്ന സമീപനങ്ങളാണ് ഉണ്ടാകുന്നത്. ഫിക്സഡ് ചാർജ്ജ്, ഫ്യുവൽ ചാർജ്ജ്, സർചാർജ്ജ്, സെസ് എന്നിങ്ങനെ പിടിച്ചുവാങ്ങുന്നതിനു പുറമേ പോസ്റ്റിടുന്നതിതും മീറ്റർ വയ്ക്കുന്നതിനും ജനങ്ങളിൽ നിന്ന് പണം ഈടാക്കാറുണ്ട്. എന്നിട്ടും നിരക്ക് വർദ്ധിപ്പിച്ച് വീണ്ടും പിഴിയുന്നത് നീതികരിക്കാനാകില്ല.

സർക്കാർ, ഇതര സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ള 2000 കോടി പിരിച്ചെടുക്കണമെന്ന് 2019-ൽ റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. കുടിശിക കിട്ടാനുണ്ടെങ്കിലും അതിന്റെ ബാദ്ധ്യത ജനങ്ങൾക്കു മേൽ വരില്ലെന്നാണ് അന്ന് സർക്കാർ പറഞ്ഞത്. എന്നാൽ പുതിയ നിരക്ക് വർദ്ധനവിലൂടെ കുടിശികയുടെ ബാദ്ധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്.

അഡ്വ. വിനോദ് മാത്യു വിൽസൺ

( ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റും,​ കൊല്ലം ബാറിലെ അഭിഭാഷകനുമാണ് ലേഖകൻ)