
ബോളിവുഡ് താരങ്ങളായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനിൽ അറോറ ടെറസിൽനിന്ന് ചാടി മരിച്ചതാണെന്ന് സ്ഥിരീകരിച്ച് മുംബയ് പൊലീസ്. കുറച്ചു കാലങ്ങളായി അനിൽ അറോറ വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പഞ്ചാബ് സ്വദേശിയായ അനിൽ അറോറ ബിസിനസ്, സിനിമ വിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളി കാർപ്പാണ് ഭാര്യ. മൂത്ത മകളാണ് മലൈക. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലൈകയും അമൃതയും. തന്റെ പതിനൊന്ന് വയസു മുതൽ മാതാപിതാക്കൾ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലൈകയുടെ മുൻഭർത്താവ് അർബാസ് ഖാനും താരത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വസതിയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു.