food-saftey

ഭക്ഷണത്തിന്റെ പ്രാധാന്യം അടിസ്ഥാന ഉപജീവനത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. സാംസ്‌കാരിക സ്വത്വത്തെയും സാമൂഹ്യഗതിയെയും പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്മകളിലും ആചാരങ്ങളിലും ഇത് പ്രധാന പങ്കു വഹിക്കുന്നു. സാമ്പത്തികമായി ഭക്ഷ്യവ്യവസായം വളർച്ചയെ നയിക്കുകയും,​ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും,​ ഗ്രാമീണകാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗണ്യമായ സംഭാവന നൽകുന്നു. വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് രാജ്യം നീങ്ങുമ്പോൾ, ഭക്ഷ്യസുരക്ഷയും സംരക്ഷണവും മന്നോട്ടു കൊണ്ടുപോകേണ്ടത് നിർണായകമാണ്.

ഉപഭോക്താക്കളിലേക്ക് എത്തുന്ന ഭക്ഷണം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്ക്കുക, പോഷക സമൃദ്ധമായ ഭക്ഷണം എല്ലാവർക്കും ഉറപ്പുവരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാർഷികോത്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങളുടെയും വ്യാപാരം വളരുന്നതിനനുസരിച്ച് ഫലപ്രദമായ ഭക്ഷ്യസുരക്ഷാ പരിപാലനത്തിന് പ്രാധാന്യമേറുന്നു. പല വികസിത രാജ്യങ്ങൾക്കും ഭക്ഷ്യ ഇറക്കുമതി സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ സമ്പ്രദായങ്ങളുണ്ട്. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ പൊതുജനാരോഗ്യത്തിന് അപകടകരമാണെന്നു മാത്രമല്ല, ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കുന്നതും ഭക്ഷ്യവിതരണത്തിലും വിലസ്ഥിരതയിലും തടസം സൃഷ്ടിക്കുന്നതും ഉൾപ്പെടെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 2024-25ലെ കേന്ദ്ര ബഡ്ജറ്റ് എം.എസ്.എം.ഇ മേഖലയിൽ 50 ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ധനസഹായം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ വികിരണ സാങ്കേതികവിദ്യ കാർഷിക, ഭക്ഷ്യോത്പന്നങ്ങളുടെ സംഭരണ കാലാവധിയും സുരക്ഷയും വർദ്ധിപ്പിക്കുകയും, ഉത്പാദനത്തിലും വിതരണ ശൃംഖലയിലും ഭക്ഷ്യനഷ്ടം കുറയ്ക്കുകയും ചെയ്യും.

നിയന്ത്രിത പരിതസ്ഥിതിയിൽ പായ്ക്ക് ചെയ്തതോ ഒന്നിച്ചുള്ളതോ ആയ ഭക്ഷണത്തെ അയോണൈസിങ് റേഡിയേഷനു വിധേയമാക്കുന്നതാണ് ഭക്ഷ്യ വികിരണ പ്രക്രിയ. ഈ രീതി ദോഷകരമായ സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്ത് ഭക്ഷ്യജന്യ രോഗങ്ങളുടെ സാദ്ധ്യത കുറയ്ക്കുന്നു. അഴുകൽ പ്രക്രിയ മന്ദഗതിയിലാക്കുന്നതിലൂടെയും, കേടുപാടുകൾക്ക് കാരണമാകുന്ന ജീവികളെ നശിപ്പിക്കുന്നതിലൂടെയും ഇത് ഭക്ഷണം കേടാകുന്നത് തടയുന്നു. ഇതിനു പുറമേ, മൂപ്പെത്താതെ പഴുക്കുക, മുളയ്ക്കുക, നാമ്പിടുക എന്നിവ വൈകിപ്പിച്ച് ഭക്ഷ്യനഷ്ടം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ഭക്ഷ്യ ഉത്പന്നങ്ങളുടെ സംഭരണ കാലാവധി ദീർഘിപ്പിക്കുന്നതിന് രാസ പരിരക്ഷകങ്ങളുടെ ആവശ്യകത കുറച്ച്, കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ വിതരണ ശൃംഖലയ്ക്ക് സഹായകമാകുന്നു.

പാചകം പോലെ ഭക്ഷ്യ വികിരണവും എല്ലാ മേഖലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഇത് ആഭ്യന്തര കയറ്റുമതി വിപണികളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇരുപത് വർഷത്തെ നിരോധനത്തിനു ശേഷം ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിച്ച 2012-ലെ കരാറാണ് ഇതിന്റെ സ്വാധീനത്തിന്റെ മികച്ച ഉദാഹരണം. കീടങ്ങളുടെ ഭീഷണി ഇല്ലാതാക്കുന്നതിനോ ഗണ്യമായി കുറയ്ക്കുന്നതിനോ കയറ്റുമതിക്കു മുമ്പായി മാമ്പഴ വികിരണത്തിന് ഇന്ത്യ സമ്മതിച്ചതാണ് ഇതിനു കാരണം.

രാജ്യവ്യാപകമായി 34 വികിരണ പ്രക്രിയാ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഇന്ത്യയും ഈ മേഖലയിൽ ഗണ്യമായ പരോഗതി കൈവരിച്ചിട്ടുണ്ട്. ഇതിൽ 16 കേന്ദ്രങ്ങൾക്ക് ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണ ലഭിക്കുന്നു. ഭക്ഷ്യ വികിരണ കേന്ദ്രങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നതിന് ഉയർന്ന മൂലധന ചെലവാണ് തടസം (ഒരു വികിരണ കേന്ദ്രം സ്ഥാപിക്കുന്തിന് അടിസ്ഥാന സൗകര്യ ചെലവുകൾ കൂടാതെ 25 കോടി മുതൽ 30 കോടി രൂപ വരെ വേണ്ടിവരും)​. തുടക്കത്തിൽ ഉയർന്ന മൂലധന ചെലവുണ്ടെങ്കിലും, ആഭ്യന്തര- അന്തർദേശീയ വിപണികളിൽ സുരക്ഷിതവും ദീർഘകാലം നിലനിൽക്കുന്നതുമായ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിക്കുമ്പോൾ ഇത് ലാഭകരമായ നിക്ഷേപ അവസരം തുറന്നു നല്കുന്നുണ്ട്. മാത്രമല്ല,​ ഭക്ഷ്യ വികിരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഇപ്പോൾ 10 കോടി രൂപ വരെ ധനസഹായം നല്കുകയും ചെയ്യും.

ധനസഹായമോ സബ്സിഡിയോ ആയി നൽകുന്ന ഈ പിന്തുണ, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ കേടുവരുന്ന ഉത്പന്നങ്ങൾ പരിപാലിക്കുന്നതിനും,​ അവയുടെ വൃത്തിയും സംഭരണ കാലാവധിയും വർദ്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തതാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി കൂടുതൽ വികിരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിക്ഷേപകരും സംരംഭകരും ആത്മവിശ്വാസത്തോടെയും ദീർഘവീക്ഷണത്തോടെയും മുന്നോട്ടു വരികയാണ് വേണ്ടത്. ലാഭകരമായ ബിസിനസ് സംരംഭം എന്നതിനപ്പുറം ഇത് ഭക്ഷ്യസുരക്ഷ വർദ്ധിക്കുകയും,​ മലിനീകരണം കുറയ്ക്കുകയും,​ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം,​ കർഷകർക്ക് ആദായം ഉറപ്പു നല്കുകയും ചെയ്യും.