jayam-ravi

തന്റെ അറിവോ സമ്മതമോയില്ലാതെയാണ് ജയംരവി വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്ന് ഭാര്യ ആർതി. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ആർതി തുറന്നു പറച്ചിൽ നടത്തിയത്. എന്റെ അറിവോ സമ്മതമോ കൂടാതെ നടത്തിയ ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം പങ്കിട്ട ജീവിതത്തിനുശേഷം അത്തരമൊരു സുപ്രധാന കാര്യം,​ അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചു കളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷയീമാണ്. ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽനിന്ന് വിട്ടു നിൽക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കുശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എന്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരു അമ്മ എന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല. കൂടാതെ,​ ഈ അടിസ്ഥാനപരമായ ആരോപണങ്ങൾക്ക് മറുപടി പറയാതെയിരിക്കാനും കഴിയില്ല. ഈ ദുഷ്കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോട് അവരർഹിക്കുന്ന ആത്മാഭിമാനത്തോട് മുൻപോട്ട് പോകൻ എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചെന്ന സത്യം കാലം തെളിയിക്കുമെന്ന ഞാൻ വിശ്വസിക്കുന്നു.ആർതിയുടെ വാക്കുകൾ.