love

ഓഫീസിലെ സഹപ്രവര്‍ത്തകരായ കമിതാക്കളുടെ പ്രണയവും ചുംബനവും അതിര് വിട്ടപ്പോള്‍ പരാതിയുമായി മറ്റ് ജീവനക്കാര്‍. നേരത്തെ വിവാഹിതരായ ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയ ബന്ധം ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം യുവാവിന്റെ ഭാര്യ അറിഞ്ഞതോടെ രണ്ട് പേരുടേയും ജോലിയും പോയി. ചൈനയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയിലാണ് സംഭവം.


ജീവനക്കാരന്റെ ഭാര്യ ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടെ കമ്പനിയ്ക്ക് കൈമാറിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സഹപ്രവര്‍ത്തകയുമായുള്ള ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് യുവതി ഓഫീസില്‍ എത്തിയിരുന്നു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനേയുംവിവരങ്ങള്‍ അറിയിച്ചു.

തുടര്‍ന്ന് ഓഫീസിലെ എല്ലാ ജീവനക്കാരുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും ബന്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും ഇരുവരും നിലപാട് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചിട്ട് കുറച്ച് കാലമായെന്നും പരസ്യമായി പരസ്പരം ചുംബിക്കുന്നത് ഇരുവരുടേയും പതിവാണെന്നും മറ്റ് ജീവനക്കാര്‍ ആരോപിക്കുന്നു.

കമ്പനിയിലെ ഏഴ് ജീവനക്കാര്‍ ഇരുവരുടേയും പ്രവര്‍ത്തി ചൂണ്ടിക്കാണിച്ച് ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. സഹപ്രവര്‍ത്തകരുടെ പരാതിയും ഒപ്പം യുവാവിന്റെ ഭാര്യ നല്‍കിയ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള തെളിവുകളും കൂടി പരിശോധിച്ച ശേഷമാണ് കമ്പനി രണ്ട് പേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.