cinema

ദിലീപ് - കാവ്യ മാധവന്‍ ജോഡി അഭിനയിച്ച ഹിറ്റ് സിനിമയാണ് 1999ല്‍ പുറത്തിറങ്ങിയ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍'. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ ദിലീപിന്റെ നായികയായി ശാലിനിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

'ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയ്ക്കായി കാസ്റ്റിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ദിലീപിന്റെ നായികയായി ശാലിനിയെ നിശ്ചയിക്കുകയും ചെയ്തു. മറ്റ് കഥാപാത്രങ്ങളേയും തീരുമാനിച്ചിരുന്നു. എന്നാല്‍ ആ സമയത്താണ് നിറം എന്ന ചിത്രത്തിന് ശാലിനി ഡേറ്റ് നല്‍കിയിരുന്നു. രണ്ട് ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഒരേ സമയത്തായിരുന്നു ആരംഭിക്കുന്നതെന്നതിനാല്‍ പുതിയൊരു നായികയെ കണ്ടെത്തേണ്ടി വരികയായിരുന്നു'.

'ശാലിനിക്ക് പകരം ആരെ അഭിനയിപ്പിക്കും എന്ന കാര്യം ആലോചിക്കേണ്ടി വന്നു. ഈ സമയത്ത് മഞ്ജു വാര്യരാണ് പുതുമുഖങ്ങളെ സിനിമയിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് നിര്‍ദേശം മുന്നോട്ടുവച്ചത്. പെട്ടെന്ന് കാവ്യയുടെ കാര്യം ഓര്‍മവന്നു. ഉടന്‍ തന്നെ നീലേശ്വരത്ത് കാവ്യയുടെ വീട്ടില്‍ പോയി അവരെ പറഞ്ഞ് മനസിലാക്കി. അഭിനയിക്കാമെന്ന് കാവ്യ സമ്മതിക്കുകയും ചെയ്തു' - ലാല്‍ ജോസ് പറഞ്ഞു.