police

കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ഈവര്‍ഷമാദ്യം സ്ഥലമാറ്റ ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ഐ.ജി. ശ്യാംസുന്ദറിന്റെ മനസില്‍ രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. നഗരത്തിലെ ലഹരിവില്പനയുടെയും ഉപയോഗത്തിന്റെയും ഉന്മൂലനം. മറ്റൊന്ന് ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളെ തുരത്തണം. ഒമ്പത് മാസങ്ങള്‍ക്കിപ്പുറം ദക്ഷിണമേഖല റേഞ്ച് ഐ.ജിയായി സ്ഥലംമാറുമ്പോള്‍ ആഗ്രഹം ബഹുഭൂരിഭാഗവും നിറവേറ്റിയ ചാരിതാര്‍ഥ്യമാണ് ശ്യാം സുന്ദറിന്.

സംസ്ഥാനമാകെ വ്യാപിപ്പിക്കാനുതകുന്ന പദ്ധതികള്‍ നടപ്പാക്കി കൊച്ചിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്മിഷണര്‍ ശ്യാം സുന്ദര്‍ ബെവ്‌കോ, പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ എം.ഡിയായി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമായ മാറ്റങ്ങള്‍ ഈ വകുപ്പുകളില്‍ അദ്ദേഹം കൊണ്ടുവന്നു. നിശബ്ദമായ പ്രവര്‍ത്തനമാണ് ശ്യാം സുന്ദറിനെ വത്യസ്ഥനാക്കുന്നത്.

കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ ലക്ഷ്യങ്ങള്‍ നിറവേറ്റിയോ

ലഹരി വ്യാപനവും ഗുണ്ടാ ഇടപാടുകളും ഇല്ലായ്മ ചെയ്യണമെന്ന തീരുമാനം മനസിലുണ്ടായിരുന്നു. വില്പനക്കാരെ ഒരുവശത്ത് പൂട്ടുമ്പോഴും മറുവശത്ത് ആവശ്യക്കാരുടെ എണ്ണം ഏറിവരുന്ന സ്ഥിതിയായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് ലഹരി ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കുന്ന പദ്ധതി അങ്ങനെ വന്നതാണ്. ഫിക്കി, ജി. ടെക്ക് തുടങ്ങിയ സംഘടനകളുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കി. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി ജിയോ ടാഗ് ചെയ്തു. തുടര്‍ച്ചയായി പരിശോധന വരുന്നു. ഇപ്പോള്‍ ഗുണ്ടാകേസുകള്‍ കുറഞ്ഞു.

കേരളത്തിലെ സ്‌കൂളുകളുടെ മികവിനെ പുകഴ്ത്തിയതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നല്ലോ.

ഉത്തരേന്ത്യയിലെ സ്‌കൂളുകളുടെ അവസ്ഥ നേരിട്ടുകണ്ട് പറഞ്ഞതാണ്. 20വര്‍ഷത്തെ സര്‍വീസിനിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതലയില്‍ പോയിട്ടുണ്ട്. അവിടുത്തെ സ്ഥിതി അതാണ്. നമ്മുടെ നാട്ടില്‍ അങ്കണവാടി മുതല്‍ കോളേജ് വരെ അത്യാധുനിക നിലവാരമാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുണ്ട്. അതൊന്ന് കാണേണ്ടതാണ്. സാമൂഹിക മാദ്ധ്യമങ്ങളില്‍ തള്ളുന്നവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണം.