pp

ന്യൂയോർക്ക് : ലോകത്തെ നടക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ( 9/11 ഭീകരാക്രമണം)​ ഇന്നലെ 23 വയസ് തികഞ്ഞു. 2001 സെപ്തംബർ 11നായിരുന്നു അന്നേ വരെ കണ്ടിട്ടില്ലാത്ത ഭീകരാക്രമണത്തിന് അമേരിക്കൻ മണ്ണ് സാക്ഷിയായത്. രാവിലെ 8.46ന് ന്യൂയോർക്കിൽ തലയെടുപ്പോടെ നിന്ന വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഒരു ബോയിംഗ് വിമാനം ഇടിച്ചിറങ്ങി.

9.03ന് വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചിറങ്ങി. ബോസ്റ്റണിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് പുറപ്പെട്ട യുണൈറ്റ് എയർലൈൻസിന്റെ വിമാനമായിരുന്നു അത്. 9.58ന് 10 സെക്കന്റുകൾക്കുള്ളിൽ വേൾഡ് ട്രേഡ് സെന്ററിന്റെ ടവർ നിലംപൊത്തിയിരുന്നു.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായാണ് അന്ന് അൽ ക്വഇദ ഭീകരർ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തിയത്. ന്യൂയോർക്കിന്റെ മുഖമുദ്ര ആയിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ടെണ്ണവും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി.

മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ഈ വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് ഇന്നും വ്യക്തമല്ല. വൈറ്റ്‌ഹൗസോ ക്യാപിറ്റൽ മന്ദിരമോ ആയിരുന്നിരിക്കാം. ആക്രമണത്തിൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് നിലംപൊത്തി. നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനങ്ങളിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു. ജോർജ് ഡബ്ല്യൂ. ബുഷ് ആയിരുന്നു അന്ന് യു.എസ് പ്രസിഡന്റ്.

9/11 ഭീകരാക്രമണത്തിന്റെ മാസ്റ്റർമൈൻഡായ അൽ ക്വഇദ തലവൻ ഒസാമ ബിൻ ലാദനെ ആക്രമണം നടന്ന് ഒരു ദശാബ്ദമാകുന്നതിന് തൊട്ടുമുന്നേ 2011 മേയിലാണ് പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് യു.എസ് കമാൻഡോകൾ വധിച്ചത്. തീവ്രവാദത്തിനെതിരെ അമേരിക്ക അന്ന് മുതൽ തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്നു.