buffet

ഏതൊരു ആഘോഷങ്ങൾക്കും ഇന്ന് ബുഫെ സൽക്കാരം സാർവത്രികമായിരിക്കുകയാണ്. വിവാഹം, ജന്മദിനം, ഹൗസ് വാമിംഗ്, മീറ്റിംഗുകൾ തുടങ്ങി ആഘോഷങ്ങൾ ഏതുതന്നെയായാലും ഭക്ഷണം അറേഞ്ച് ചെയ്യുന്നത് ബുഫെയിലാണ്. .ഐറ്റങ്ങളിൽ നിന്ന് ഐറ്റങ്ങളിലേക്ക് ബുഫെ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തും നമ്മൾ അറിയാതെ ചെയ്യുന്ന ഒരു വലിയ എന്നാൽ ചെറിയ കാര്യത്തിലേക് വിരൽ ചൂണ്ടുകയാണ് നാറ്റ്പാകിലെ സീനിയർ സയന്റിസ്‌റ്റും എഴുത്തുകാരനുമായ സുബിൻ ബാബു.

എഴുത്തിന്റെ പൂർണരൂപം-

''പരിഷ്കൃതരായ നമ്മളും നമ്മുടെ ചില അപരിഷകൃതമായ സ്വഭാവ രീതികളും. തിരുത്തപ്പെടട്ടെ....

കല്യാണത്തിന് തുടങ്ങി, ഗെറ്റ് ടുഗേതർ, പാല് കാച്ച്, സ്മരണ ദിനാചാരണം തുടങ്ങി ആഘോഷം ഏതും ആയിക്കോട്ടെ 100 ഐറ്റം ഉള്ള ബുഫെ പാർടി നമുക്ക് മസ്റ്റ് ആണ് (കൂടിയേ തീരു ) ഈ പോസ്റ്റ്‌.

ബുഫെ പാർട്ടിയിൽ പോയാൽ ജനങ്ങൾക്ക് ഏതെടുക്കണം, എങ്ങനെ എടുക്കണം, എവിടെ വയ്‌ക്കണം, എവിടെ തുടങ്ങണം, ആളുകൾ എന്ത് വിചാരിക്കും, ഇതൊക്കെ കണ്ടിട്ട് തിന്നാതെ എങ്ങനെ പോകും അങ്ങനെ 100 അസഹിഷ്ണുതകൾ ആണ്. അങ്ങനെ എല്ലാം കൂടി കണ്ട് അന്ധാളിച്ച അവസ്ഥ പലപ്പോളും ഈ വേളകളിൽ കാണാറുണ്ട്. എല്ലാം കൂടി പാത്രത്തിൽ തിക്കി ഞെരുക്കി വച്ചിട്ട് ഒന്നിന്റെയും രുചി നേരെ അറിയാൻ കഴിയാതെ തിന്ന് ഏമ്പക്കവും വിട്ടിട്ടു മോശമായി എന്നു പറയുന്നവർ ഏറെ.

ബുഫെ കാണുമ്പോൾ ആക്രാന്തം കാണിക്കാതെ ആദ്യം ഓരോ കൗണ്ടറിലും എന്തൊക്കെ ഇനങ്ങൾ ഉണ്ടെന്നും, കൂടുതൽ താല്പര്യമുള്ള ഭക്ഷണം ഏതെന്നും നോക്കി മനസിലാക്കിയശേഷം സൂപ്പ് വേണമെന്നുള്ളവർ ആ കൗണ്ടറിൽ പോയി വേണ്ടത് ഓരോന്നായി ട്രൈ ചെയ്തു നോക്കുക. അല്പം എടുത്തു രുചി ഇഷ്ടപെട്ടെങ്കിൽ ആവശ്യത്തിനു അളവെടുത്ത് ഉപയോഗിക്കുക. ഇത് നേരെ വന്നു ഓരോ കലം നിറയെ എടുക്കും, എന്നിട്ട് അവിടെ ഉള്ള സോസ് ഒക്കെ അതിൽ ഒഴിച്ച് കലക്കി വായിൽ വയ്‌ക്കുമ്പോ ഇഷ്ടപ്പെടില്ല. ഉടനെ കൊണ്ട് കളയുന്നത് കാണാം. ഓസിനു കിട്ടുന്നത് ആയാലും ഒരു നേരത്തെ ആഹാരം ഇല്ലാത്ത ഒരുപാട് പേര് നമ്മുടെ നാട്ടിൽ ഇന്നുമുണ്ടെന്നു ഓർത്തു വേണം ആഹാരം ഉപയോഗിക്കാൻ.

അത് കഴിഞ്ഞു ഏറ്റവും ഇഷ്ടപ്പെട്ട ഐറ്റത്തിൽ തുടങ്ങി തീർത്തും ക്ഷമയോടെ ക്യു പാലിച്ചു കുറേച്ചേ കുറേച്ചേ വേണ്ട ഐറ്റങ്ങൾ ഓരോന്നായി എടുത്തു ആസ്വദിച്ചു ഉപയോഗിക്കുക. കൗണ്ടറിൽ സെറ്റ് ചെയ്തിട്ടുള്ള അതൊക്കെ അവിടെ തന്നെ ഇരിപ്പുണ്ടാകും. ഒന്നും ആരും എടുത്തോണ്ട് പോകില്ല. അതുകൊണ്ട് ആർത്തി കാണിക്കാതെ ആവശ്യത്തിന് ഓരോന്നായി പ്ലേറ്റിൽ കൊള്ളുന്ന അളവിന് എടുത്തു ആവശ്യമുള്ളത് കഴിക്കുക. ഭക്ഷണം പാഴാക്കാതെ ഇരിക്കാൻ നോക്കുക.

ജ്യൂസ്‌, അതിന്റെ പുറകെ ചായ, കൂടെ കുറെ സാലഡ്സ് അത് കഴിഞ്ഞുടൻ ടെസേർട്ടുകൾ, ഐസ് ക്രീം, പാനി പൂരി, കപ്പ കിപ്പ തുടങ്ങി സകല ആഹാരവുമെടുത് അനാരോഗ്യകരമായി പരസ്പരം ചേരാത്ത കമ്പിനേഷനുകളിൽ അടിച്ചുകേറ്റി കിളിപോയി ഒരിരുപ്പ് ഉണ്ട്. എന്ത് ആക്രാന്തം ആണോ എന്തോ. പലരും അടുത്ത ഒരു മാസത്തേക്ക് ഉള്ള കാലറിയും അടിച്ചു കേറ്റിയിട്ട് ആണ് പോകുന്നത്. എന്നിട്ടൊരു ഡയലോഗ് ഉണ്ട് ലേശം പഞ്ചാര ഒക്കെ ഉണ്ട്. ആ ഇന്ന് ഒരു ഗുളിക കൂടുതൽ കഴിച്ചേക്കാം .ഗുലാബ് ജാമും അതിന്റെ മുകളിൽ ഐസ് ക്രീംമും ഇട്ടിട്ട് പൈനാപ്പിൾ പുഡിങ് കൂടി കോരി വെച്ചോണ്ട് പോയി മിക്സ്‌ ചെയ്തു അടിക്കുന്ന ആളുകൾ. നമുക്ക് ഒരു ഭക്ഷണത്തെ പറ്റി അറിയില്ല എങ്കിൽ എല്ലാം അറിയാമെന്നു പുറം വീമ്പു കാട്ടി പൊട്ടൻ ആകുന്നതിലും നല്ലത് ഇത് എന്താണ്‌ എന്നൊന്ന് ചോദിക്കുന്നതിൽ ഒരു കുറച്ചിലിന്റെയും ആവശ്യമില്ല. ബുഫെയിൽ ഒരുമിച്ചു അകത്താക്കിയാൽ ശരീരത്തിന്റെ ആരോഗ്യത്തിനും സുഗമായ ദഹനത്തിനും വിരുദ്ധമായി മാറിയെക്കാവുന്ന പലതരം ആഹാരങ്ങളുടെയും, സ്ട്രോങ്ങ്‌ ആസിഡുകളുടെയും ഒക്കെ സമ്മേളനം ആണെന്ന് അറിയുക. അതിനാൽ വെളിവോടെ തിന്നുക.

ആഹാരം കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പറയാം. അതിനാണ് ഈ പോസ്റ്റ്‌ ഇട്ടത് പോലും. കഴിച്ചാൽ കഴിവതും ആഹാരം വേസ്റ്റ് ആക്കാതെ ഉപയോഗിക്കുക. എന്നിട്ട് മിച്ചം വരുന്ന വേസ്റ്റ്കൾ മണ്ണിലേക്ക് അലിയുന്ന ബയോ ഡിഗ്രഡബിൾ അഥവാ ഭക്ഷണ മാലിന്യം മാത്രം പ്ലേറ്റിൽ നിന്ന് അത് നിക്ഷേപിക്കുന്ന ബിന്നിൽ നിക്ഷേപിക്കുക. ഒരിക്കലും ടിഷ്യൂ പേപ്പർ കൊണ്ട് പ്ലേറ്റിലെ മാലിന്യം നീക്കി കവറിൽ ഇടരുത്. സ്പൂൺ കൊണ്ടോ കൈ കൊണ്ടോ നീക്കി ഇട്ട ശേഷം പ്ലേറ്റ് അത് വെക്കാനുള്ള പാത്രത്തിൽ ഇടുക. പേപ്പർ വേസ്റ്റ് അതിനു വെച്ചേക്കുന്നേ പത്രത്തിൽ മാത്രം ഇടുക. അതുപോലെ പ്ലാസ്റ്റിക് വേസ്റ്റ്, കപ്പ്‌ ഒക്കെ അതതിനുള്ള ബിന്നുകളിൽ ഇടുക.

ആഘോഷം നടത്തുന്നവർ ഇതിനു വേണ്ട സംവിധാനം ഇവന്റ് മാനേജ്മെന്റ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

ജൈവ അജൈവ മാലിന്യങ്ങൾ തോന്നിയപോലെ ഇടകലർത്തിയാൽ അവ വേർതിരിക്കുക പ്രയാസം. അവയെ നിർമ്മാർജ്ജനം ചെയ്യുക അതി ദുഷ്കരവും ആണെന്ന് അറിയുക. പരിഷ്കൃത സമൂഹത്തിനു ചേരുന്ന വിവരമുളള പ്രവർത്തി കൂടി ചെയ്യുമ്പോളേ കോട്ടും സൂട്ടും ഇട്ടു ഞെളിഞ്ഞു നിക്കുന്നതിനു മാന്യത കിട്ടിയുകയുള്ളു.

പറയാൻ കാര്യം പലയിടത്തും ഞാൻ ഇത് കാണുന്നു. ആളുകളോട് അപ്പോൾ തന്നെ ഇഷ്ടപ്പെട്ടാലും ഇല്ലേലും പറയുകയും ചെയ്യും. ഫോട്ടോ എടുക്കാൻ അവസരം കിട്ടാറില്ല. ഇന്നലെ ഒരു കല്യാണ ഫങ്ക്ഷന് പോയപ്പോൾ ചിത്രം എടുത്തു. അവിടെ നിക്കുന്ന ഇവന്റ് ടീമിലെ അംഗങ്ങൾ തന്നെ വശത്തേക്ക് മാറി നിന്നുകൊണ്ട് പരസ്പരം പറയുന്നുണ്ടായിരുന്നു ഇവനൊക്കെ ഞെളിഞ്ഞു നടന്നിട്ട് കാണിക്കുന്ന ഈ വൃത്തികേടുകൾ ഇനി അളിച്ചു വാരി മാറ്റുക നമ്മുടെ പണിയാണെന്ന്. വേസ്റ്റും, ടിഷ്യൂവും പ്ലാസ്റ്റിക്കും ഒക്കെ കൂടി ഒരുമിച്ചിടല്ലേ എന്നു പറഞ്ഞു പോയാൽ മാന്യന്മാർക്ക് ക്ഷീണം അടിക്കും ഉടനെ ദോഷിക്കുമത്രേ. പന്നി ഫാമിലേക്ക് കൊണ്ട് പോകുന്ന വേസ്റ്റ് ആണ്. ഇനി അവർ ഇരുന്ന് അതിലെ പ്ലാസ്റ്റിക്കും, നനഞ്ഞു ഒട്ടിപ്പിടിച്ച ടിഷ്യൂ പേപ്പറുകളും, മറ്റും അഴിച്ചു മാറ്റണം. പ്ലേറ്റ് ടേബിളിൽ വച്ചാൽ മതി എന്നു പറയുന്നതാവും ഇതിലും ബുദ്ധി എന്നു അവരോട് ഞാൻ പറഞ്ഞു. അല്ലാതെ മലയാളിയെ വൃത്തി പഠിപ്പിക്കാൻ ഒക്കില്ലലോ. അപ്പോൾ ഇവന്റ് മൊതലാളിക്ക് പ്ലേറ്റ് ടേബിളിൽ വയ്‌പ്പിക്കുന്നത് ഇഷ്ടല്ലത്രേ. അഴിച്ചുവാരിയാലും വേണ്ടില്ല ഇങ്ങനെ മതിയെന്ന്. എന്ത് ചെയ്യാൻ.

1000 രൂപയാണ് ഏതാണ്ട് 5 മണിക്കൂർ നീളുന്ന ആ പണിക്കു അവരുടെ വേതനം. ബുഫെ മൂന്ന് മണിക്കൂർ പിന്നെ വൃത്തിയാക്കാനും സെറ്റ് ചെയ്യാനും ഒക്കെ കൂടി 2 മണിക്കൂർ അങ്ങനെ 5 മണിക്കൂർ മിനിമം. പിന്നെ ആഹാരവും കിട്ടും. അതിനാണ് പരിഷ്കൃത സമൂഹത്തിന്റെ ഈ പ്രാകൃത എച്ചിൽ അവർ അളിച്ചു വാരുന്നത് .അവരും നമ്മളെ പോലെ മനുഷ്യർ ആണെന്ന് ഓർക്കുക. പിന്നെ വലിയ പഠിപ്പോ, സമ്പത്തോ ഉന്നത കുടുംബത്തിൽ ജനിക്കാനുള്ള ഭാഗ്യമോ കിട്ടാതെ പോയവർ എന്ന വ്യത്യാസമേ ഉള്ളു എന്നറിയുക.

നമ്മൾ എവിടെ എന്ത് പരിപാടി അവതരിപ്പിച്ചാലും അവിടൊക്കെ ഇതുപോലെ കുറെ പ്രാകൃത കാര്യങ്ങൾ കൂടി ഒപ്പിക്കും എന്നുള്ളതിൽ സംശയമില്ല. വൃത്തിയോടെ ലളിതമായി ഉപയോഗിക്കുക, സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യുക എന്നൊന്ന് നമുക്കില്ല. നമ്മുടെ വിഴുപ് അലക്കേണ്ടത് നമ്മളെക്കാൾ താഴ്ന്ന നിലയിൽ ജീവിക്കുന്നവന്റെ ജോലിയാണ് എന്ന വൃത്തികെട്ട ചിന്താഗതി നമ്മൾ മാറ്റില്ല. അവർ കഴുകി തരുന്ന പാത്രത്തിൽ കഴിക്കും. എച്ചിൽ അവരുടെ മുഖത്തേക്കും എറിയും അതായിപ്പോയി നമ്മുടെ കയ്യിലിരുപ്പ്.

ഇനി കൈ കഴുകുന്ന സ്ഥലത്തു പോയാൽ ഫുൾ ഫോഴ്സിൽ വെള്ളം തുറന്നു വിട്ടു നാലുപാടും കേൾക്കുമാർ ഉച്ചത്തിൽ കൊപ്ലിച്ചശേഷം ചീറ്റി ഒരു തുപ്പൽ ഉണ്ട്. ആ ശബ്ദം കേൾപ്പിച്ചാലെ അണുക്കൾ പല്ലിൽ നിന്ന് പോകു എന്നു തോന്നിപ്പിക്കും. മിക്കപ്പോഴും അടുത്ത് നിക്കുന്നവരുടെ ദേഹത്തൊക്കെ തെറിപ്പിക്കും. എന്നിട്ടോ ഒരു കാർക്കിക്കൽ ഉണ്ട്. അത് കേട്ടാൽ കഴിച്ച ഭക്ഷണം അവിടെ തന്നെ വാൾവച്ച് പോകും. എന്നിട്ട് ഉപയോഗ ശേഷം അല്പം വെള്ളം ഒഴിച്ച് തുപ്പി തെറിപ്പിച്ചു ഇട്ടത് ഒഴുക്കി കളയുമോ? അതില്ല. എന്ത് ജനമോ....

വളർന്നു വരുന്ന തലമുറ അതിനപ്പുറം. അത് വേറെ ഏതോ ലോകത്ത്. മൊബൈലും ഞെക്കി ഞെക്കി അതിലും നോക്കി വളവളാ സംസാരിച്ചുകൊണ്ട് എന്തൊക്കെയോ തിന്നുന്നു എടുത്തത് പകുതിയും കൊണ്ട് കളയുന്നു. മൊബൈൽ തിന്നുമോന്നായിരുന്നു പേടി. പലരും പരിസരം മറന്നാണ് പെരുമാറുന്നത്. കേക്ക് മുറിച്ചു അത് അളിച്ചുവാരി പരസ്പരം മുഖത്തു തേച്ചു ആഘോഷം. പിന്നെ കാടോട്ടുമാറ് എന്തൊക്കെയോ കൂവി വിളിക്കുന്നു. എല്ലാപേരും പൊട്ടൻമാരെ പോലെ ഇതും കണ്ടു ഇളിച്ചോണ്ട് ഇരിക്കുന്നു.

ആഹാരത്തിന്റെ വില അറിയാത്ത ജന്മങ്ങൾ. സഭ്യത ഇല്ലാത്ത അതിരുവിട്ട ആഘോഷരീതികൾ. അവർക്കിതൊക്കേ ശരി ആയിരിക്കും കാരണം കാരണവന്മാർ ആഹാരം എങ്ങനെ ഉണ്ടായി എന്നത് അറിയിച്ചിട്ടില്ല.സമൂഹത്തിൽ അന്നം ഇല്ലാതെ റോഡിൽ ചുറ്റിതിരിയുന്നവരോട് അവർക്കു poor dirty fellows എന്ന കാഴ്ചപ്പാടുമാണ് എന്നു തോന്നിപ്പിക്കും പോലെയാണ്.

സാമൂഹിക പ്രതിബദ്ധതയോടെ സുബിൻ''