
സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി നാട്ടിലും പുറത്തും ഒട്ടേറെ യാത്രകൾ സഖാവ് സീതാറാമുമൊത്ത് നടത്തിയിട്ടുണ്ട്. ഡൽഹിയിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ നിന്ന് ബസിൽ ഹിമാചൽപ്രദേശിലേക്ക് സഞ്ചരിച്ചതാണ് അവയിലൊന്ന്. വഴിയരികിലെ ധാബയിൽ നിന്ന് റൊട്ടിയും സബ്ജിയുമായിരുന്നു ഭക്ഷണം. സിംലയിൽ ബസിറങ്ങി വഴി ചോദിക്കുമ്പോൾ അവിടത്തുകാർ കൈചൂണ്ടിക്കാട്ടി പറയും 'അതാ തൊട്ടടുത്തു തന്നെയാണ്". അവരുടെ തൊട്ടടുത്ത സ്ഥലം, സമതലങ്ങളിൽ നിന്നു ചെല്ലുന്നവർക്ക് നടന്നു കുഴഞ്ഞാലും തീരാത്തത്ര അകലെയാണെന്ന് അനുഭവത്തിൽ നിന്ന് അന്ന് ഞങ്ങൾ മനസിലാക്കി. 'ആപേക്ഷികതാസിദ്ധാന്തം" ഒരു പരിധിവരെ അതി ലളിതമായി വിശദീകരിക്കുവാൻ പിന്നീട് ഇത് ഉദാഹരണമായി ഉപയോഗപ്പെട്ടിട്ടുണ്ട്.
കൊൽക്കത്തയിൽ കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞ് ട്രെയിനിൽ ഞങ്ങൾ ഡൽഹിക്കു മടങ്ങിയപ്പോഴുണ്ടായ രസകരമായ ഒരനുഭവം മറക്കാനാവില്ല. കൊൽക്കത്തയിലെ സഖാക്കൾ കിണഞ്ഞു ശ്രമിച്ചിട്ടും ഡൽഹിക്ക് റിസർവേഷൻ തരപ്പെടുത്താനായില്ല. ഒടുവിൽ ഞങ്ങൾ റിസർവേഷനില്ലാത്ത പോർട്ടർമാരുടെ സഹായത്തോടെ സാഹസികമായി കമ്പാർട്ടുമെന്റിൽ കയറിപ്പറ്റാൻ നിശ്ചയിച്ചു. പക്ഷേ മുകളിൽ യാത്രക്കാരുടെ ബാഗും ഭാണ്ഡങ്ങളും വയ്ക്കാനുള്ള ചെറിയ സംവിധാനമേയുള്ളൂ. കഷ്ടിച്ച് ഒന്നിരിക്കാൻ പറ്റുന്ന സ്ഥലം. കഠിന പരിശ്രമത്തിലൂടെ അതേ ഞങ്ങൾക്ക് ലഭിച്ചുള്ളൂ. സീതാറാമും, സൊഹൈൽ ഹാക്ഷ്മിയും (കോൺഗ്രസ് റൗഡികൾ അടിച്ചുകൊന്ന പ്രമുഖ കലാകാരനായ രക്തസാക്ഷി സഫ്ദർ ഹാക്ഷ്മിയുടെ അനുജൻ) ഞാനും ഒരുവിധം അവിടെ ഇരുപ്പുറപ്പിച്ചു. സ്റ്റേഷനുകളിൽ വണ്ടി നിറുത്തുമ്പോൾ ഭക്ഷണം കഴിക്കാൻ ഇറങ്ങാനും നിവൃത്തിയില്ല. കാരണം കമ്പാർട്ടുമെന്റിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആരെങ്കിലും അവിടം കൈവശപ്പെടുത്തും. അങ്ങനെ ആ യാത്ര തുടരുമ്പോൾ പെട്ടെന്ന് ഞങ്ങൾക്ക് വളരെ സന്തോഷമായി. ഒരു പ്രധാന ജംഗ്ഷനിൽ, മുഗൾസരായി ആണെന്നു തോന്നുന്നു ആളുകളെല്ലാം ബാഗുമെടുത്ത് സ്ഥലം കാലിയാക്കുന്നു. താഴത്തെ സീറ്റുകൾ മറ്റാരെങ്കിലും ആ സ്റ്റേഷനിൽ നിന്ന് കയറി കൈവശപ്പെടുത്തും മുമ്പ് ഞങ്ങൾ മൂവരും സ്വസ്ഥമായി അവിടെ ഇരിപ്പുറപ്പിച്ചു. എന്നാൽ അവിടെ നിന്നു ഒറ്റയാളും കയറുന്നില്ലെന്നു കണ്ടപ്പോൾ ഞങ്ങൾ കാര്യമന്വേഷിച്ചു. ആ സ്റ്റേഷനിൽ വേർപെടുത്തുന്ന ബോഗിയായിരുന്നു അത്! ഉടൻതന്നെ ഞങ്ങൾ ചാടിയിറങ്ങി തൊട്ടടുത്ത ജനറൽ കമ്പാർട്ടുമെന്റിൽ കടന്നുകൂടി. അപ്പോഴേക്ക് ആ ബോഗി ഏറക്കുറെ നിറഞ്ഞിരുന്നു. നിന്നുകൊണ്ടായിരുന്നു ഞങ്ങളുടെ ബാക്കി യാത്ര! കൊൽക്കത്തയിൽ ചെറിയ തുക 'പാരിതോഷികം" വാങ്ങി സീറ്റ് വാഗ്ദാനം നൽകി ഞങ്ങളെ 'സഹായിച്ചവർ", പാതിവഴിക്ക് വേർപെടുത്തുന്ന ബോഗിയാണെന്നത് ഞങ്ങളെ ബോധപൂർവം അറിയിക്കാതിരുന്നതാണോ? ആർക്കറിയാം?
അഷ്ടമുടിക്കായലിലെ ഞണ്ടും കരിമീനും
1980ൽ പുനലൂരിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ കേന്ദ്രത്തിൽ നിന്ന് ജനറൽ സെക്രട്ടറി നേപ്പാൾ ഭട്ടാചാര്യ, വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ചൗധരി (ലോക്സഭയിൽ കട്വയിൽ പലകുറി തിരഞ്ഞെടുക്കപ്പെട്ട് പ്രഗല്ഭ ലോക്സഭാംഗം എന്ന് പ്രശസ്തി നേടിയ ആ സഖാവ് പിന്നീട് രോഗബാധിതനായി മരിച്ചു) എന്നിവർക്കൊപ്പം സീതാറാമും ആദ്യാവസാനം പങ്കെടുത്തു. അതിനെത്തുടർന്ന് എന്റെ ബന്ധുവീട്ടിൽ ഒരു ദിവസം കൂടി താമസിച്ചപ്പോഴാണ് അഷ്ടമുടിക്കായലിൽ പെട്രോമാക്സുമായി ഞണ്ടും കരിമീനും പിടിക്കാനായി ഞങ്ങൾ കൗതുകസഞ്ചാരം നടത്തിയത്.
മുണ്ട് മടക്കിക്കുത്തി നടക്കാവുന്നവിധം കായലിലെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ പരിഭ്രമിച്ചു നിൽക്കുന്ന കരിമീനിനേയും ഞണ്ടിനേയും പ്രത്യേകം തയ്യാറാക്കിയ മൂർച്ചയുള്ള കമ്പികൊണ്ട് കുത്തിപ്പിടിക്കുന്ന സമ്പ്രദായമാണ് ഞങ്ങളും പ്രയോഗിച്ചത്. നേരിട്ടു നടത്തിയ ആ മത്സ്യബന്ധനവും, അവ അപ്പോൾതന്നെ കറിവച്ചു കഴിച്ചതിന്റെ രുചിയും ഞങ്ങൾ പലതവണ ഓർമ്മിക്കാറുണ്ട്. അന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു എഡ്മണ്ട് റോയി പിന്നീട് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിലെ പ്രമുഖ പത്രപ്രവർത്തകനാവുകയും സിഡ്നിയിൽ വച്ച് സീതാറാമിന്റെ അഭിമുഖം നടത്തുകയും ചെയ്തു. പണ്ടൊരിക്കൽ അഷ്ടമുടിക്കായലിൽ ഞണ്ടു പിടിച്ച കഥ അഭിമുഖത്തിനിടെ സംഭാഷണമാവുകയും ചെയ്തു.
സീതാറാം എന്ന സുഹൃത്ത്
പണ്ടൊരിക്കൽ മലേറിയ ബാധിച്ച് ഡൽഹിയിലെ വിതൽഭായി പട്ടേൽ ഹൗസിൽ കിടപ്പിലായ ബെറ്റിയുടേയും എന്റേയും അനുഭവവും ഓർമ്മയിലെത്തുന്നു. ബെറ്റിയുടെ അവസ്ഥ പെട്ടെന്ന് ഗുരുതരമായി. എന്തുചെയ്യണമെന്ന് സംഭ്രമിക്കുന്നതിനിടയിൽ ബെറ്റിയാണ് പറഞ്ഞത് 510ാം നമ്പർ മുറിയിൽ സീതാറാമുണ്ടെങ്കിൽ അറിയിക്കൂ എന്ന്. അതേത്തുടർന്ന് സഖാവെത്തി ഞങ്ങളെ കാറിൽ ആശുപത്രിയിലെത്തിച്ചു. ഇപ്പോഴെങ്കിലും കൊണ്ടുവന്നത് നന്നായെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.
ഇന്ത്യയ്ക്കു പുറത്ത് ഞങ്ങൾ ഒരുമിച്ചു നടത്തിയ മൂന്നു യാത്രകൾ പ്രാധാന്യമുള്ളവയാണ്. മോസ്കോയിൽ നടന്ന അന്തർദേശീയ യുവജന വിദ്യാർത്ഥിമേള. ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും വലിയ പ്രതിനിധി സംഘമായിരുന്നു അത്. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരുന്ന എം. വിജയകുമാറുൾപ്പെടെയുള്ളവർ കേരളത്തിൽ നിന്നു സംബന്ധിച്ചു. ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മുഖ്യ നേതാക്കളിലൊരാളായാണ് സീതാറാം അവിടെ പ്രവർത്തിച്ചത്.
ബർലിനിൽ നടന്ന 'ആണവായുധ വിരുദ്ധ സമാധാന" സമ്മേളനത്തിൽ ഹർകിഷൻ സിംഗ് സുർജിത്ത്, എൻ.ഇ. ബാലറാം, ഡി. രാജ തുടങ്ങിയവർക്കൊപ്പമാണ് സീതാറാം സംബന്ധിച്ചത്. അവിടെ വച്ച് പാലസ്തീൻ നേതാവ് യാസർ അരാഫത്ത്, ആഫ്രിക്കയിലെ വിമോചന സമരനേതാവ് സാം നുജോമ, നോബൽ സമ്മാനിതനായ വിഖ്യാത സാഹിത്യകാരൻ വോൾസോയിങ്ക എന്നിവരെ ഞങ്ങൾ പരിചയപ്പെട്ടത് ഓർക്കുന്നു.
ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് 2017ൽ മോസ്കോയിൽ നടന്ന പരിപാടിയിലും ഞങ്ങൾ ഒരുമിച്ചാണ് സംബന്ധിച്ചത്.
ഇ.എം.എസ്, ഹർകിഷൻ സിംഗ് സുർജിത്ത്, ജ്യോതിബാസു തുടങ്ങിയ നേതാക്കൾക്കൊപ്പം ഒട്ടേറെ പ്രതിനിധിസംഘങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ സീതാറാമിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ വിസ്തൃതമാണ്. കമ്മ്യൂണിസ്റ്റ് തൊഴിലാളി പാർട്ടികളുടെ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സംബന്ധിക്കുമ്പോൾ വിദേശപ്പാർട്ടികളുടെ നേതാക്കൾ ആദ്യം ചോദിക്കുന്നത് 'സീതാറാം യെച്ചൂരി ഉഷാറല്ലേ" എന്നാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീർ മുതൽ ഉത്തരേന്ത്യയിലും, ദക്ഷിണേന്ത്യയിലും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നിരന്തരം സഞ്ചരിച്ച ഒരു ജീവിതമായിരുന്നു സഖാവ് സീതാറാമിന്റേത്. 'ഇന്ത്യ എന്ന ആശയം" നിരന്തരം ആക്രമിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശാലമായ ജനാധിപത്യ മതേതര സമര പ്രസ്ഥാനം വളർത്തിയെടുക്കുന്നതിനായാണ് അവസാന നാളുകളിൽ സഖാവ് കൂടുതൽ യാത്രചെയ്തിട്ടുള്ളത്. ആ പോരാട്ട പാതയിൽ യാത്ര തുടരുകയാണ് നമ്മുടെ കടമ.
(സി.പി.എം പി.ബി അംഗമാണ് ലേഖകൻ)