
കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മഞ്ഞൾപ്പൊടി. ഇതിന്റെ ആന്റ് ഇന്റോഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്ക രോഗങ്ങളുടെ അപകടസാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഈ കാലഘട്ടത്തിൽ കടയിൽ നിന്ന് വാങ്ങുന്ന മിക്ക മഞ്ഞൾ പൊടിയിലും രാസവസ്‌തുക്കൾ ചേർക്കാറുണ്ട്. മഞ്ഞളിന് മണവും നിറവും രുചിയും വരാനാണ് ഇത്തരം കൃത്രിമ രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. പലരും വീട്ടിൽ തന്നെ മഞ്ഞൾ പൊടി തയ്യാറാക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ അത് അത്ര എളുപ്പമല്ല. അതിനാലാണ് കടയിൽ നിന്ന് കവറിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടി വാങ്ങുന്നത്. മഞ്ഞൾപ്പൊടിയിൽ മായം ഉണ്ടോയെന്ന് തിരിച്ചറിയാൻ ചില കാര്യങ്ങൾ ചെയ്ത് നോക്കിയാൽ മതി.
മഞ്ഞൾപ്പൊടിയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ ആദ്യം ഒരു സ്പൂൺ മഞ്ഞൾപ്പൊടി എടുത്ത് വെള്ളത്തിൽ കലർത്തുക. പൊടി അടിയിൽ അടിയുകയും ഇളം മഞ്ഞയായി മാറുകയും ചെയ്താൽ അത് മായമില്ലാത്തതാണ്. എന്നാൽ മായം കലർന്ന മഞ്ഞൾപ്പൊടി വെള്ളത്തിൽ ഇട്ടാൽ കടും മഞ്ഞ നിറമാകും.
മഞ്ഞൾപ്പൊടിയിൽ നിറം കൂട്ടാൻ മെറ്റാനിൽ ചേർക്കാറുണ്ട്. ഇത് പരിശോധിക്കാൻ ഒരു ടെസ്റ്റ് ട്യൂബിൽ ഒരു നൂള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇതിലേക്ക് നേർപ്പിക്കാത്ത ഹെെഡ്രോക്ലോറിക് ആസിഡ് കുറച്ച് തുള്ളി ചേർക്കുക. ശേഷം നന്നായി കുലുക്കുക. ലായനി പിങ്ക് നിറമാകുകയാണെങ്കിൽ മെറ്റാനിലിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടെന്നാണ് അർത്ഥം. മെറ്റാനിൽ അമിതമായി അടങ്ങിയ ഭക്ഷണം കഴിച്ചാൽ ഭക്ഷ്യവിഷബാധ, വയറുവേദന, ഓക്കാനം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.