k

കൊൽക്കത്ത: പ്രക്ഷോഭം നടത്തുന്ന ജൂനിയർ ഡോക്ടർമാർ രണ്ടാം ദിവസവും ചർച്ചയ്ക്ക് വരാതിരുന്നതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജി സന്നദ്ധത പ്രഖ്യാപിച്ചു.

ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മാനഭംഗക്കൊലയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധം ഒത്തുതീർപ്പാക്കാൻ ഇന്നലെ വൈകിട്ട് അഞ്ചിന് സെക്രട്ടേറിയേറ്റിൽ മമതയുമായി കൂടിക്കാഴ്ച

നിശ്ചയിച്ചിരുന്നു. രണ്ട് മണിക്കൂറോളം മമത കാത്തിരുന്നെങ്കിലും ഡോക്ടർമാരുടെ സംഘം ഗേറ്റ് വരെ എത്തി തിരിച്ചു പോവുകായിരുന്നു. മമതയുമായുള്ള ചർച്ച ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിരസിച്ചതിനാലാണ് തിരിച്ചു പോയത്.

ഇതോടെ വാർത്താസമ്മേളനം വിളിച്ച് മമത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യം നിരസിച്ചതെന്നും ചർച്ച റെക്കാർഡ് ചെയ്യാമെന്ന് അറിയിച്ചതായും മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതൊഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. ചർച്ചയ്ക്ക് 15 പേരെ അനുവദിക്കാമെന്നായിരുന്നു സർക്കാർ നിലപാട്. ഡോക്ടർമാരുടെ ആവശ്യപ്രകാരം 33പേരെ അനുവദിച്ചെന്നും മമത പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടി രാജിവയ്ക്കാൻ തയാറാണ്. പദവിയെക്കുറിച്ച് ആശങ്കയില്ല. മരിച്ച ഡോക്ടർക്ക് ( തിലോത്തമ ) നീതി വേണം. ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് പരമാവധി ശ്രമിച്ചു. അവരുടെ പ്രശ്നം പരിഹരിക്കണം. അവർ സുപ്രീംകോടതി വിധി അംഗീകരിക്കാത്തപ്പോഴും ഞാൻ മൂന്ന് ദിവസം കാത്തിരുന്നു. അവരെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു, ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. സാധാരണക്കാർക്ക് നീതി വേണം. ഡോക്ടർമാർക്കെതിരെ ഒരു നടപടിയും എടുക്കില്ല. അവരോട് ക്ഷമിക്കും. മുതിർന്നവർ ഇളയവരോട് ക്ഷമിക്കേണം. ' - മമത പറഞ്ഞു.

ഉപാധികൾ അംഗീകരിക്കാതെ

ഡോക്ടർമാരുടെ ഉപാധികൾ അംഗീകരിക്കാതെയാണ് ചീഫ് സെക്രട്ടറി മനോജ് പന്ത് അവരെ ചർച്ചയ്ക്ക് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം ചർച്ച നടത്താമെന്ന് അറിയിച്ചപ്പോഴും ഉപാധികൾ മുന്നോട്ടുവച്ച് നിരസിച്ചു.

മാനഭംഗ കേസ് പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി പാസാക്കിയെങ്കിലും ബംഗാൾ സർക്കാരിന് പ്രതിഷേധം തണുപ്പിക്കാനായിരുന്നില്ല. സമരം ആരംഭിച്ച് 34 ദിവസം പിന്നിട്ടു.

ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും ജോലി ബഹിഷ്കരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

അതിനിടെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ എം.എൽ.എ ഡോ. സുദീപ്‌തോ റോയിയെ വസതിയിൽ എത്തി സി.ബി.ഐ ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐക്ക് കൽക്കട്ട ഹൈക്കോടതി മൂന്നാഴ്ച അനുവദിച്ചു.